മറുനാട്ടിൽനിന്ന്​ സഹായപ്രവാഹം; തലസ്ഥാനത്ത്​ മൂന്ന്​ സംഭരണകേന്ദ്രങ്ങൾ

തിരുവനന്തപുരം: പ്രളയബാധിതമേഖലകളിലുള്ള ജനങ്ങളെ സഹായിക്കുന്നതിന് വിദേശത്തുനിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നും സഹായ പ്രവാഹം. വ്യോമമാർഗവും റെയിൽവേ വഴിയും ടൺ കണക്കിന് അവശ്യ വസ്തുക്കളാണ് ജില്ലയിലേക്ക് എത്തുന്നത്. ഇവ ശേഖരിക്കുന്നതിനും വേർതിരിച്ച് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും മൂന്ന് സംഭരണ കേന്ദ്രങ്ങൾ തുറന്നു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ ദുരിതബാധിതമേഖലകളിലുള്ളവരെ സഹായിക്കുന്നതിനായി ജില്ലയിലേക്ക് അയക്കുന്ന അവശ്യവസ്തുക്കളാണ് ജില്ല ഭരണകൂടം ഏറ്റെടുത്ത് സൂക്ഷിക്കുകയും ആവശ്യാനുസരണം വിവിധ സ്ഥലങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നത്. തമ്പാനൂർ റെയിൽവേ കല്യാണ മണ്ഡപം, വിമൻസ് കോളജ്, ഓൾ സെയിൻറ്‌സ് കോളജ് എന്നിവിടങ്ങളിലാണു സംഭരണ കേന്ദ്രങ്ങൾ തുറന്നിട്ടുള്ളത്. പ്രളയ ബാധിത സ്ഥലങ്ങളിൽ നിലവിൽ ആവശ്യത്തിന് അവശ്യവസ്തുക്കൾ എത്തിയിട്ടുണ്ട്. ഇവയുടെ വിതരണം പൂർത്തിയാകുന്നതോടെ ജില്ലയിലെ സംഭരണകേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ അവിടേക്ക് അയച്ചുതുടങ്ങും. ഓരോ ജില്ലയിൽനിന്നും ആവശ്യം അറിയിക്കുന്നതനുസരിച്ച് ലോഡുകൾ പുറപ്പെടുകയും അവ അതത് ജില്ലകളിലെ കലക്ടർമാർക്ക് കൈമാറുകയും ചെയ്യും. സംഭരണകേന്ദ്രങ്ങളിലെത്തുന്ന അവശ്യവസ്തുക്കൾ വേർതിരിക്കുന്നതിനും സാധനങ്ങളുടെ ഇനവും അളവും സംബന്ധിച്ച പട്ടിക തയാറാക്കുന്നതിനും വളൻറിയർമാരെ ആവശ്യമുണ്ടെന്ന് ജില്ല കലക്ടർ ഡോ. കെ. വാസുകി അറിയിച്ചു. വെള്ളിയും ശനിയും സേവനം ചെയ്യാൻ താൽപര്യമുള്ളവർ ജില്ല ഭരണകൂടവുമായി ബന്ധപ്പെടണം. വളൻറിയർമാരാകാൻ ആഗ്രഹിക്കുന്നവർ 9633096769 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്ക് സേവനം ചെയ്യുന്ന ദിവസങ്ങളിൽ ഹാജർ നൽകും. ജില്ലയിൽ വളൻറിയർമാർ നൽകിയ സേവനം മാതൃകാപരമാണെന്നും നന്ദി അറിയിക്കുന്നതായും കലക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.