തിരുവനന്തപുരം: ദുരിതാശ്വാസ മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും കോൺഗ്രസ് പ്രവർത്തകർ പങ്കാളികളാകും. സെപ്റ്റംബർ മൂന്നിന് കുട്ടനാട്ടിലെ ആറ് പഞ്ചായത്തുകളിൽ പ്രമുഖ നേതാക്കളുടെയും എം.പി, എം.എൽ.എമാർ അടക്കം ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ രാവിലെ ഒമ്പത് മുതൽ അഞ്ചു വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രസിഡൻറ് എം.എം. ഹസൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു . പ്രളയബാധിതർക്ക് അടിയന്തരമായി സർക്കാർ നൽകാൻ തീരുമാനിച്ച 10,000 രൂപ, 48 മണിക്കൂർ വെള്ളം കെട്ടിനിന്ന ഇടങ്ങളിൽ മാത്രം നൽകുമെന്ന വ്യവസ്ഥ മാറ്റണം. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർക്ക് സർക്കാറിൽനിന്ന് എന്തെല്ലാം സഹായം കിട്ടും എന്നതിൽ വ്യക്തതയില്ല. ആശങ്ക അകറ്റാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . മനുഷ്യനിർമിതമായ ദുരന്തമാണ് സംഭവിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. മഴ വർധിച്ച അവസരത്തിൽ ഡാമുകൾ എല്ലാം തുറന്നു വിട്ടതിലെ വീഴ്ച സംബന്ധിച്ച് സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചകളിൽ മുഖ്യമന്ത്രി യഥാസമയം നടപടി എടുത്തിരുന്നെങ്കിൽ ഇത്രയും വലിയ ദുരന്തം ഉണ്ടാകില്ലായിരുന്നു. കേരളത്തെ പുനർനിർമിക്കുക എന്നതാണ് ഇപ്പോൾ ആവശ്യം. നഷ്ടപ്പെട്ടത് തിരിച്ചെടുക്കുകയും വേണം നവകേരള സൃഷ്ടി എന്നത് രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നും ഹസൻ പറഞ്ഞു. പ്രളയബാധിതർക്ക് നിർമിച്ചുനൽകുന്ന 1000 വീടുകളുടെ ധനസമാഹരണത്തിെൻറ മുന്നൊരുക്കമായി സെപ്റ്റംബർ അഞ്ചു മുതൽ 13 വരെ ജില്ല നേതൃസമ്മേളനം നടത്തും. സെപ്റ്റംബർ അഞ്ചിന് പത്തനംതിട്ട -കോട്ടയം, ആറിന് തിരുവനന്തപുരം, എട്ടിന് കാസർകോട്-കണ്ണൂർ, ഒമ്പതിന് കോഴിക്കോട്- മലപ്പുറം, 11ന് പാലക്കാട്- തൃശൂർ, 12ന് എറണാകുളം, 13ന് ആലപ്പുഴ- കൊല്ലം ജില്ലകൾ. പ്രവർത്തകസമിതി അംഗങ്ങളായ എ.കെ. ആൻറണി എം.പി, കെ.സി. വേണുഗോപാൽ എം.പി, മുൻ രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ എന്നിവരുടെ കുടുംബങ്ങൾ ഓരോ വീട് സ്പോൺസർ ചെയ്യും. മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരെൻറ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നൽകിയതായും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.