വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ശുചീകരണം നാലുദിവസത്തിനകം പൂര്‍ത്തിയാക്കണം

കൊല്ലം: ജില്ലയിലെ വെള്ളപ്പൊക്കമേഖലകളിലെ ശുചീകരണം നാലുദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. മഴക്കെടുതി ദുരിതാശ്വാസപ്രവര്‍ത്തനത്തി​െൻറ തുടര്‍ച്ച സംബന്ധിച്ച് കലക്‌ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തുകള്‍ മുന്‍കൈയെടുത്ത് ശുചീകരണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ലഭ്യമായ എല്ലാ സംവിധാനങ്ങളും ഇതിനായി പ്രയോജനപ്പെടുത്തണം. വെള്ളമിറങ്ങിയ മേഖലകള്‍ അതിവേഗം ശുചീകരിക്കാനും നടപടി സ്വീകരിക്കണം. പകർച്ചവ്യാധികൾ പടരുന്നത് തടയാനുള്ള മുന്‍കരുതലിന് ആരോഗ്യവകുപ്പ് പ്രഥമപരിഗണന നല്‍കണം. മറ്റു ആരോഗ്യപ്രശ്‌നങ്ങളിലും വിദഗ്ധരുടെ സേവനം ഉറപ്പാക്കണം. ക്യാമ്പുകളും വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ആവശ്യമായ പരിശോധനകളും മരുന്ന് വിതരണവും നടത്തണം. താൽക്കാലികാടിസ്ഥാനത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണം. ജല അതോറിറ്റി കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തണം. പൈപ്പ് വഴി കുടിവെള്ളം എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ ടാങ്കറുകളില്‍ വെള്ളം ലഭ്യമാക്കുന്നത് കാര്യക്ഷമമായി തുടരണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യണം. മത്സ്യത്തൊഴിലാളികളുടെ സേവനമാണ് ദുരന്തത്തി​െൻറ വ്യാപ്തി കുറച്ചതെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ നിന്നുള്ള ഇരുനൂറിലേറെ വള്ളങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വെള്ളപ്പൊക്കത്തി​െൻറ ആദ്യനാളുകളില്‍തന്നെ ബോട്ടുകള്‍ വിട്ടുനല്‍കിയത് കൊല്ലത്ത് നിന്നാണ്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കും വള്ളങ്ങളും മത്സ്യത്തൊഴിലാളികളുമെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുകയായിരുന്നു. 70 ശതമാനം ദുരിതബാധിതെരയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ്. പുനരധിവാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈദ്യുതിസംബന്ധമായ പ്രശ്‌നങ്ങളും കുടിവെള്ളം, സാനിറ്ററി തകരാര്‍ എന്നിവയും പരിഹരിക്കുന്നതിനാവശ്യമായ വിദഗ്ധരുടെ സാന്നിധ്യം ബന്ധപ്പെട്ട വകുപ്പുകളും പഞ്ചായത്തുകളും ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.