മാനം തെളിഞ്ഞു; ജനങ്ങൾക്ക്​ ആശ്വാസം

കൊല്ലം: കാലവർഷം വിട്ടുമാറിയതി​െൻറ ആശ്വാസത്തിലാണ് കൊല്ലം ജില്ലക്കാർ. ഇടക്കിടെയുള്ള ചാറ്റൽ മഴ ഒഴിച്ചുനിർത്തിയാൽ തിങ്കളാഴ്ച ജില്ലയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. പ്രധാന നദികളിലെയും പുഴകളിലെയും ജലനിരപ്പിൽ സാരമായ കുറവുണ്ടായി. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് തെന്മല ഡാമി​െൻറ ഷട്ടർ കൂടുതൽ താഴ്ത്തി. എങ്കിലും കാലവർഷത്തിൽ വീടും കൃഷിയും നശിച്ചവർ പുതുജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിലാണ്. നിരവധിപേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ദുരിതബാധിതർ മടങ്ങിയതിനെ തുടർന്ന് ജില്ലയിൽ 33 ക്യാമ്പുകൾ പിരിച്ചുവിട്ടു. തീര മേഖലയിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരുമാണ് ഇനിയും ക്യാമ്പുകളിൽ തങ്ങുന്നത്. കാലവർഷം തുടങ്ങിയശേഷം ജില്ലയിൽ ഇതുവരെ 112 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഇതിൽ 5785 കുടുംബങ്ങളിലെ 19,289 പേരെ പാർപ്പിച്ചു. ആലപ്പുഴയിലെ 91 കുടുംബങ്ങളില്‍നിന്നുള്ള 359 പേരും ജില്ലയിലെ അഞ്ച് ക്യാമ്പുകളിലെത്തി. തിങ്കളാഴ്ച വൈകീട്ടത്തെ കണക്കനുസരിച്ച് ജില്ലയിൽ ഇനി 79 ക്യാമ്പുകളാണ് ശേഷിക്കുന്നത്. ജില്ലയിലുള്ളവർക്കായി പ്രവർത്തിക്കുന്ന 74 ക്യാമ്പുകളിലായി 5256 കുടുംബങ്ങളിൽനിന്നുള്ള 16,738 പേരാണുള്ളത്. ആലപ്പുഴ ജില്ലക്കാർക്കായി തുറന്ന അഞ്ചു ക്യാമ്പുകളിൽ 359 പേരുണ്ട്. സമഗ്ര ശിക്ഷ അഭിയാൻ പ്രവർത്തകർ തിങ്കളാഴ്ച ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പാഠപുസ്തകങ്ങളും യൂനിഫോമുകളും നഷ്ടമായ കുട്ടികളുടെ വിവരശേഖരണം നടത്തി. ശേഖരിച്ച വിവരങ്ങൾ സംസ്ഥാന പ്രോജക്ട് ഡയറക്ടർ കാര്യാലയത്തിന് നൽകിത്തുടങ്ങി. തെന്മല ഡാമി​െൻറ ജലനിരപ്പ് തിങ്കളാഴ്ച വൈകീട്ട് 115.08 മീറ്ററാണ്. ജലനിരപ്പ് കുറഞ്ഞതോടെ ഷട്ടറുകൾ 60 സ​െൻറിമീറ്ററായി താഴ്ത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.