കിടപ്പാടം ജപ്തി ഭീഷണിയിൽ; ദുരിതംപേറി വീട്ടമ്മയും രണ്ട് മക്കളും

കടയ്ക്കൽ: കിടപ്പാടം ജപ്തി ഭീഷണിയിലായതോടെ എന്തുചെയ്യണമെന്നറിയാതെ വീട്ടമ്മയും രണ്ട് മക്കളും. പന്തളംമുക്ക് വാലുപച്ച കാർത്തികയിൽ റീനയുടെ കുടുംബമാണ് ദുരിതക്കയത്തിലായത്. വീട് വെക്കുന്നതിന് ഏഴ് വർഷം മുമ്പ് കൊട്ടാരക്കര താലൂക്കിലെ സഹകരണ സ്ഥാപനത്തിൽനിന്ന് ഒരുലക്ഷം വായ്പയെടുത്തിരുന്നു. നിർമാണം പൂർത്തീകരിച്ചെങ്കിലും മകൾ രോഗബാധിതയാവുകയും നിരന്തര ചികിത്സകൾക്ക് വിധേയയാവുകയും ചെയ്തു. ഇതിനിടയിൽ ഭർത്താവ് ഉപേക്ഷിച്ച് പോവുകയും ചെയ്തതോടെ പണം കണ്ടെത്താനാവാതെ വന്നതോടെ റീന പ്രയാസത്തിലായി. വായ്പ തിരിച്ചടവ് മുടങ്ങുകയുംചെയ്തു. റീനയുടെ ജീവിതദുരിതം കണ്ട് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിങ് ജോലി നൽകി. എന്നാൽ മക്കളുടെ പഠനത്തിന് പോലും വരുമാനം തികയാതിരിക്കുമ്പോഴാണ് മകനും രോഗബാധിതനാവുന്നത്. മക​െൻറയും ചികിത്സക്കായി പണം കണ്ടെത്താൻ വിഷമിക്കുമ്പോഴാണ് ലോൺ തുക ഇരട്ടിയായതും ജപ്തി നടപടി മുന്നോട്ട് പോയതും. റീനയുടെ അവസ്ഥകണ്ട് പിഴപ്പലിശ ഒഴിവാക്കാൻ ബാങ്ക് അധികൃതർ തയാറായെങ്കിലും ബാക്കിയുള്ള വലിയ തുക എങ്ങനെ കണ്ടെത്തണമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണിവർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.