എം.എസ്.എൽ വളവിലെ പാറ നീക്കം ചെയ്യാൻ തീരുമാനം

കൊല്ലം: പുനലൂർ-ചെങ്കോട്ട ദേശീയപാതയിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കാൻ എം.എസ്.എൽ വളവിലെ പാറ നീക്കംചെയ്യുന്നതിന് സത്വരനടപടി സ്വീകരിക്കാൻ തീരുമാനിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി വിളിച്ചുചേർത്ത റെയിൽവേയുടെയും ദേശീയപാതയുടെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. എം.എസ്.എൽ വളവിലെ പാറ അടിയന്തരമായി നീക്കം ചെയ്യണമെന്ന് വിലയിരുത്തി. 180 മീറ്റർ നീളത്തിൽ താഴെതലത്തിൽ മൂന്ന് മീറ്റർ വീതിയിൽ പാറ മാറ്റാനുള്ള പ്രവൃത്തി റെയിൽവേ ഡെപ്പോസിറ്റ് വർക്കായി ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കും. ദേശീയപാത അധികാരികൾ റെയിൽവേയെ താൽപര്യം അറിയിക്കുകയും അതി​െൻറ അടിസ്ഥാനത്തിൽ തയാറാക്കുന്ന എസ്റ്റിമേറ്റ് പ്രകാരം തുക ഡെപ്പോസിറ്റ് ചെയ്യുകയും വേണം. ഏതെങ്കിലും സാങ്കേതികമോ ഭരണപരമോ ആയ കാരണങ്ങളാൽ റെയിൽവേക്ക് പ്രവൃത്തി ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ പാറ നീക്കം ചെയ്യുന്നതിനുള്ള അനുമതി ദേശീയപാത അധികൃതർക്ക് നൽകാനും ധാരണയായി. പ്രവൃത്തി നടപ്പാക്കാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചു. നിലവിലുള്ള എം.എസ്.എൽ വളവ് ഒഴിവാക്കി പാതയുടെ വീതി ഇരുവശത്തും വർധിപ്പിച്ച് റോഡ് പൂർണമായും പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതി മരാമത്ത് വിഭാഗം തയാറാക്കിയാൽ അടിയന്തര ഫണ്ട് ദേശീയപാത മന്ത്രാലയത്തിൽനിന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കാമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉറപ്പ് നൽകി. ഇതുസംബന്ധിച്ച വ്യക്തമായ കർമപരിപാടി തയാറാക്കി സമർപ്പിക്കാമെന്ന് ദേശീയപാതവിഭാഗം ഉദ്യോഗസ്ഥർ ഉറപ്പുനൽകി. നാഷനൽ ഹൈവേ കൊല്ലം എക്സിക്യൂട്ടിവ് എൻജിനീയർ ഡോ. എ. സിനി, സതേൺ റെയിൽവേ മധുര സീനിയർ ഡിവിഷനൽ എൻജിനീയർ പ്രഭാകരൻ, ചെങ്കോട്ട അസിസ്റ്റൻറ് ഡിവിഷനൽ എൻജിനീയർ എസ്. മുത്തുകുമാർ, ചെങ്കോട്ട സീനിയർ സെക്ഷൻ എൻജിനീയർ (വർക്ക്സ്) എസ്. മൊഹമ്മദ് യൂസഫ്, പുനലൂർ സീനിയർ സെക്ഷൻ എൻജിനീയർ (റെയിൽവേ) എൻ. സുബ്രഹ്മണ്യം, പുനലൂർ നാഷനൽ ഹൈവേ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ പി.ആർ. നിഷ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.