തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലെ ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രീമെട്രിക് സ്കോളർഷിപ് രണ്ട് വർഷമായി ലഭ്യമാക്കാതെ വീണ്ടും അപേക്ഷ ക്ഷണിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ, എം. തമീമുദ്ദീൻ എന്നിവർ പറഞ്ഞു. മുൻവർഷങ്ങളിൽ അപേക്ഷയും അനുബന്ധ രേഖകളും സ്കൂളിൽ നൽകി വിദ്യാഭ്യാസ ഓഫിസുകൾ വഴി അർഹരായവരെ തെരഞ്ഞെടുത്ത് ഹെഡ്മാസ്റ്റർ മുഖേന തുക കൈമാറുകയായിരുന്നു. ഇപ്പോൾ അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം സ്കാൻ ചെയ്ത് സ്കോളർഷിപ് പോർട്ടലിലേക്ക് അയക്കുകയാണ് വേണ്ടത്. ഹൈസ്കൂളുകളിൽ പോലും സ്കാനറും ഇൻറർനെറ്റ് സൗകര്യങ്ങളും ലഭ്യമല്ലാത്തതിനാൽ രക്ഷാകർത്താക്കൾ ഇൻറർനെറ്റ് കഫേകളിൽ പോയി അവർ പറയുന്ന പൈസ മുടക്കി അപേക്ഷിക്കുകയാണ്. എന്നിട്ടും അർഹതപ്പെട്ടവർക്ക് രണ്ട് വർഷമായി സ്കോളർഷിപ് നൽകുന്നില്ല. കഴിഞ്ഞവർഷങ്ങളിലെ അർഹതപ്പെട്ടവരെ അറിയാത്തതിനാൽ റിന്യൂവൽ അപേക്ഷ നൽകണോ പുതിയ അപേക്ഷ നൽകണമോ എന്നതിൽ ആർക്കും വ്യക്തതയില്ല. രണ്ട് വർഷത്തെ സ്കോളർഷിപ് എത്രയുംവേഗം ലഭ്യമാകുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടികൾ സ്വീകരിക്കണമെന്നും കെ.എ.എം.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.