ജില്ല മഴപ്പേടിയിൽ; തെന്മല ഡാം നിറഞ്ഞു; വ്യാപക കൃഷിനാശം

കൊല്ലം: വ്യാഴാഴ്ച പകൽ മാറി നിന്ന മഴ രാത്രിയോടെ കനക്കുകയും വെള്ളിയാഴ്ച വൈകീട്ടുവരെ തകർത്തുപെയ്യുകയും ചെയ്തതോടെ ജില്ലയിൽ കനത്ത നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് അനൗദ്യോഗിക വിവരം. ഒാടകളിലെ ഒഴുക്ക് നിലച്ചത് കാരണം റോഡുകളിൽ വലിയ വെള്ളെക്കട്ടിനും കാരണമായിട്ടുണ്ട്. കിഴക്കൻ മേഖലയിൽ പലയിടത്തും കുന്നിടിഞ്ഞു. ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തെന്മല ഡാമി​െൻറ ഷട്ടറുകൾ വീണ്ടും ഉയർത്തി. ജില്ലയിലെ ജലാശയങ്ങളിൽ വെള്ളം ക്രമാതീതമായി ഉയർന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്. തെന്മല ഡാം നിറഞ്ഞു: ഷട്ടർ ഒരു മീറ്ററിലധികം ഉയർത്തി (ചിത്രം) പുനലൂർ: കല്ലട ജലസേചന പദ്ധതിയിലെ തെന്മലഡാം (കല്ലടഡാം) നിറഞ്ഞതോടെ മൂന്ന് ഷട്ടറുകൾ 1.5 മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കി. വൃഷ്ടിപ്രദേശത്തെ കനത്ത മഴയിൽ ഡാമിലേക്കുള്ള എല്ലാ നീരൊഴുക്കുകളും കരകവിഞ്ഞാണ് എത്തുന്നത്. ഇതു കാരണം വ്യാഴാഴ്ച ഷട്ടർ 60 സെ.മീറ്റർ ഉയർത്തിയും വൈദ്യുതി ഉൽപാദനത്തിലൂടെയും പുറത്തേക്ക് വിടുന്നതിനെക്കാൾ കൂടുതൽ വെള്ളം എത്തിയതോടെ അപകടഭീഷണി ഒഴിവാക്കാൻ വെള്ളിയാഴ്ച വൈകീട്ട് ഷട്ടർ കൂടുതൽ ഉയർത്തുകയായിരുന്നു. ഡാമി​െൻറ ചരിത്രത്തിൽ ഇത് ആദ്യമായാണ് കാലവർഷത്തിൽ പൂർണ സംഭരണശേഷി കൈവരിക്കാനായത്. ഇനി തുലാവർഷത്തിൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും വൈദ്യുതി ഉൽപാദനം മുടക്കാതെതന്നെ വേനൽകാലത്ത് കനാലിലൂടെ ആവശ്യത്തിന് വെള്ളം വിടാനാകും. 115.82 മീറ്റർ സംഭരണ ശേഷിയുള്ള സംഭരണിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ് 115.61 മീറ്ററായി ഉയർന്നു. വെള്ളിയാഴ്ച പകൽ കിഴക്കൻ മേഖലയിൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും പൊന്മുടി വനാന്തരങ്ങളിൽ കനത്ത മഴയായതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ഉച്ചകഴിഞ്ഞതോടെ വെള്ളം 115.50 മീറ്ററും കഴിഞ്ഞ് വൈകീട്ട് 115. 61 മീറ്ററിലെത്തി. ഇതോടെ മൂന്ന് ഷട്ടറുകളും കൂടുതൽ ഉയർത്താൻ അധികൃതർ തയാറായി. രാത്രിയിൽ മഴ കനക്കുകയാണെങ്കിൽ ശനിയാഴ്ച ഷട്ടർ കൂടുതൽ തുറക്കുമെന്ന് കെ.ഐ.പി അസി.എക്സി.എന്‍ജിനീയർ ഓമനക്കുട്ടൻ പറഞ്ഞു. നീരൊഴുക്കി​െൻറ ശക്തി നിരീക്ഷിക്കാൻ ഡാം ടോപ്പിൽ കെ.ഐ.പി അധികൃതർ ജാഗ്രതയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.