കൊട്ടിയത്ത്​ സ്വകാര്യ ബസുകൾ രാത്രി സർവിസ്​ മുടക്ക​ുന്നു

കൊട്ടിയം: സ്വകാര്യ ബസുകൾ സർവിസ് മുടക്കുന്നത് കാരണം സന്ധ്യ കഴിഞ്ഞാൽ കൊട്ടിയത്തുനിന്ന് കൊല്ലത്തേക്ക് പോകണമെങ്കിൽ സൂപ്പർഫാസ്റ്റിനെ ആശ്രയിക്കേണ്ട സ്ഥിതി. സൂപ്പർഫാസ്റ്റിന് കൊട്ടിയം കഴിഞ്ഞാൽ പള്ളിമുക്കിലാണ് സ്റ്റോപ്പുള്ളത്. കൊട്ടിയത്തിനും പള്ളിമുക്കിനും ഇടയിൽ പത്തോളം സ്റ്റോപ്പുകളുണ്ട്. സ്റ്റോപ്പുകളിൽ ഇറങ്ങാനുള്ളവർ പലപ്പോഴും സൂപ്പർഫാസ്റ്റിൽ കയറാതെ ഒാട്ടോ വിളിച്ചു പോകേണ്ട സ്ഥിതിയാണ്. രാത്രി പത്തര വരെ കൊട്ടിയത്തുനിന്ന് കൊല്ലത്തേക്ക് സ്വകാര്യ ബസുകൾക്ക് സർവിസ് നടത്താൻ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പല ബസുകളും സർവിസ് നടത്താറില്ല. അവസാന ട്രിപ്പുകൾ ഓടാതെ പല ബസുകളും പാതിവഴിയിൽ സർവിസ് അവസാനിപ്പിക്കുകയാണ് പതിവ്. കച്ചവട സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരും മറ്റിടങ്ങളിൽനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്നതിനായി കൊട്ടിയത്തെത്തുന്നവരുമാണ് ബസുകൾ സർവിസ് നടത്താത്തതിനെ തുടർന്ന് വലയുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം കലക്ടർക്കും ആർ.റ്റി.ഒക്കും നിരവധിപേർ ഒപ്പിട്ട നിവേദനം നൽകിയതിനെ തുടർന്ന് ഏതാനും ദിവസം ബസുകൾ സർവിസ് നടത്തിയെങ്കിലും പിന്നീട് നിർത്തുകയായിരുന്നു. രാത്രികാലങ്ങളിൽ ബസുകളിൽ ജോലി ചെയ്യുന്നതിനായി ജീവനക്കാരെ ലഭിക്കാത്തതും ഡീസൽ വിലയിലെ വൻ വർധനയുമാണ് രാത്രികാലങ്ങളിൽ സർവിസ് നടത്താൻ കഴിയാത്തതിന് കാരണമായി ബസുടമകൾ പറയുന്നത്. ഓർഡിനറി ബസ് സർവിസ് നിർത്തി: യാത്രക്കാർ ദുരിതത്തിൽ ഇരവിപുരം: കൊല്ലത്തുനിന്ന് പള്ളിമുക്ക്-അയത്തിൽ-ബൈപാസ് കല്ലുംതാഴം വഴി കൊട്ടാരക്കരയിലേക്ക് സർവിസ് നടത്തിവന്നിരുന്ന കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസ് സർവിസ് നിർത്തിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. രാവിലെ കൊട്ടാരക്കരയിലേക്കും വൈകീട്ട് കൊല്ലത്തേക്കുമാണ് സർവിസ് നടത്തിയിരുന്നത്. കരിക്കോെട്ട കോളജുകളിലേക്കും ചന്ദനത്തോപ്പിലെ സർക്കാർ ഐ.ടി.ഐയിലേക്കും വിദ്യാർഥികൾ പോയിരുന്നത് ഈ ബസിലാണ്. പള്ളിമുക്ക്, അയത്തിൽ, മുള്ളുവിള, പാൽകുളങ്ങര ഭാഗങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനപ്രദമായിരുന്ന ബസ് കഴിഞ്ഞ കുറെ ദിവസങ്ങളായി സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. ലാഭത്തിലായിരുന്ന സർവിസ് പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് മുള്ളുവിള ആര്യഭട്ടാ ലൈബ്രറി യോഗം ആവശ്യപ്പെട്ടു. താലൂക്ക് സമ്മേളനം ഓച്ചിറ: എം.സി.പി.ഐ (യു) കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം കേന്ദ്ര കമ്മറ്റി അംഗം വി.എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാറ്റൂത്തറ ഭാസ്കരൻ പതാക ഉയർത്തി. ഡി. പൊന്നൻ, ഡി. മുരളീധരൻ, സുരേന്ദ്രൻ പിള്ള, രമണി, എൻ. പരമേശ്വരൻ പോറ്റി, ഇടപ്പള്ളി ബഷീർ, ഇ.ടി. ശശി, എൻ. ശശിധരൻ പിള്ള, ഡി. മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.