സ്വര്‍ണക്കടത്ത്; വിവരം നൽകുന്നവർക്ക് പാരിതോഷികം കൂട്ടി കേന്ദ്ര ഏജന്‍സികള്‍

വള്ളക്കടവ്: സ്വര്‍ണക്കടത്തിന് തടയിടാന്‍ വിവരം നൽകുന്നവർക്ക് കൂടുതല്‍ പണം പ്രഖ്യാപിച്ച് കേന്ദ്ര ഏജന്‍സികള്‍. ഇതോടെ കടത്തുസംബന്ധിച്ച് കൂടുതൽ രഹസ്യവിവരങ്ങളും ലഭിച്ചുതുടങ്ങി. ഒരാഴ്ച്ചക്കിടെ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയ 11 കിലോ സ്വര്‍ണവും രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു. ഒരുകിലോ സ്വര്‍ണത്തിന് 50,000 രൂപയാണ് നിലവില്‍ ഇന്‍ഫോര്‍മര്‍ക്ക് നല്‍കിയിരുന്നത്. ഇൗ നിരക്കാണ് രഹസ്യമായി കേന്ദ്ര ഏജന്‍സികള്‍ ഉയര്‍ത്തിയത്. വെള്ളിക്ക് കിലോക്ക് ആയിരം, ഹാഷീഷ്, ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍ എന്നിവക്ക് കിലോക്ക് 20,000 രൂപയും, കഞ്ചാവിന് 80, കൊക്കയിന് 40,000 രൂപയുമാണ് പാരിതോഷികം. രക്തചന്ദനം, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവക്കുള്ള പാരിതോഷികം നല്‍കുന്നത് അവയുടെ വില, ഒടുക്കിയപിഴത്തുക തുടങ്ങിയവയുടെ 20 ശതമാനമാണ് വിവരം നൽകുന്നവർക്ക് കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്നത്. ഇതില്‍ സ്വര്‍ണത്തിന് നല്‍കുന്ന പാരിതോഷികം മാത്രം വർധിപ്പിക്കാനാണ് കേന്ദ്ര ഏജന്‍സികൾ തീരുമാനിച്ചത്. കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയിക്കുന്നവർക്ക് വിവരം കൃത്യമാെണങ്കില്‍ മാത്രം നടപടികള്‍ക്ക് ശേഷം നികുതി ഇല്ലാതെ പണം ലഭിക്കും. തെളിവായി കേന്ദ്രസര്‍ക്കാറി​െൻറ സര്‍ട്ടിഫിക്കറ്റും കിട്ടും. ശരിയായ വിവരം ബന്ധപ്പെട്ട എജന്‍സിയില്‍ നേരിട്ടോ ഫോണിലൂടെയോ അറിയിക്കാം. നേരിെട്ടത്തുന്നവരുടെ വിരലടയാളം ഏജന്‍സി ഉദ്യോഗസ്ഥര്‍ പതിപ്പിച്ച് സീല്‍ ചെയ്യും. വിവരത്തി​െൻറ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും കൃത്യമാെണങ്കില്‍ ദിവസങ്ങള്‍ക്കകം ഇന്‍ഫോര്‍മര്‍ പറയുന്ന സ്ഥലത്ത് ഏജന്‍സി പാരിതോഷികമായ തുക രഹസ്യമായി എത്തിക്കും. സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലിചെയ്യുന്നവര്‍ക്ക് തങ്ങളുടെ അധികാരം ഉപയോഗിച്ച് കള്ളക്കടത്ത് സംഘങ്ങളെ അറസ്റ്റ് ചെയ്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാം. ഇവര്‍ക്കും സര്‍ക്കാറി​െൻറ പാരിതോഷികംകിട്ടും. ഇവര്‍ക്ക് സാധാരണ ഇന്‍ഫോര്‍മര്‍ക്ക് നല്‍കുന്ന തുകയുടെ പത്ത് ശതമാനം മാത്രമേ നല്‍കുകയുള്ളൂ. വിമാനത്താവളങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും കേന്ദ്ര ഏജന്‍സികളുടെ കണ്ണ് വെട്ടിക്കുന്ന പുത്തന്‍തന്ത്രങ്ങളാണ് കള്ളക്കടത്ത് സംഘം ഉപയോഗിക്കുന്നത്. ഇതേതുടർന്ന് പലപ്പോഴും ഉദ്യോഗസ്ഥർക്ക് സ്വർണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതി​െൻറ പശ്ചാത്തലത്തിലാണ് കൂടുതല്‍തുക ഇന്‍ഫോര്‍മര്‍ക്ക് പ്രഖ്യാപിച്ചത്. അതേസമയം സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും കസ്റ്റംസിന് വിവരം കിട്ടാൻ സഹായകമാവുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.