തീരദേശം വെള്ളക്കെട്ടിൽ

പൂന്തുറ: തകര്‍ത്തുപെയ്ത മഴയില്‍ തീരദേശത്തെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി. കടലാക്രമണം ശക്തമാണ്. തിരമാലകള്‍ ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ തീരവാസികള്‍ ഭീതിയിലാണ്. താഴ്ന്ന ഭാഗത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് കാലവര്‍ഷം കലിതുള്ളിയത്. ചൊവ്വാഴ്ച രാത്രിയിൽ ആരംഭിച്ച മഴ പുലര്‍ച്ചയോടെ ശക്തമായി. പിന്നെ ഇടവിട്ട് പേമാരിയായി പെയ്തിറങ്ങിയതോടെ തീരദേശത്തെ പല റോഡുകളും വെള്ളത്തിലായി. താഴ്ന്ന സ്ഥലങ്ങളും ഓടകളും തോടുകളും നിറഞ്ഞ് റോഡിലേക്ക് ഒഴുകാന്‍ തുടങ്ങിയത് വലിയ ദുരിതമായി. രാത്രിയിലും മഴ കനത്താല്‍ നിരവധി വീടുകൾ വെള്ളം കയറുമെന്ന ഭീതിയിലാണ്. നൂറിലധികം വീടുകളിൽ ഒരാഴ്ച മുമ്പുണ്ടായ മഴയില്‍ വെള്ളം കയറിയിരുന്നു. കമലേശ്വരം ആര്യന്‍കുഴി, മണക്കാട,് കരിമഠം, ചാക്ക, മുട്ടത്തറ തുടങ്ങിയ പ്രദേശങ്ങളിലും മഴ ദുരിതം വിതച്ചു. കരിയല്‍ തോടി​െൻറ ഒഴുക്ക് നിലച്ചതാണ് ആര്യന്‍കുഴി ഭാഗത്ത് ദുരിതമാകുന്നത്. ഓരോ തവണ എത്തുന്ന മഴ തീരത്തും സമീപഭാഗങ്ങളിലും ദുരിതം ആവര്‍ത്തിക്കുമ്പോഴും ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. റോഡുകള്‍ പലതും വെള്ളത്തില്‍ മുങ്ങിയത് ഗതാഗതം തടസ്സപ്പെടുത്തി. ഇടറോഡുകൾ വെള്ളത്തിലായത് സ്കൂള്‍ കുട്ടികളെയും നിരവധി കുടുംബങ്ങളെയും ബാധിച്ചു. മഴക്കൊപ്പം കാറ്റ് വീശിയെങ്കിലും വലിയ അപകടം ഉണ്ടായില്ല. എന്നാല്‍, പട്ടത്ത് തെങ്ങ് വീണ് കാര്‍ തകര്‍ന്നു. ഇതിനൊപ്പം റോഡിലെ മാലിന്യം മഴവെള്ളത്തില്‍ റോഡിലേക്ക് ഒഴുകിയെത്തിയതും തോടുകളും ആറുകളും മലിനമായി ഒഴുകുന്നതും വരും ദിവസങ്ങളില്‍ തീരത്ത് പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്ക സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.