'നെല്ലൈ എങ്കളത്​ എല്ലൈ കുമരി എങ്കളതു തൊല്ലൈ' ഒടുവിൽ 'കുമരിയും കലൈജ്ഞറെ സ്വീകരിച്ചു'

നാഗർകോവിൽ: തമിഴ് ഭാഷ കൊണ്ട് അമ്മാനമാടുന്ന കരുണാനിധിയിൽനിന്ന് കന്യാകുമാരി ജില്ലക്ക് ലഭിച്ച വിശേഷണമാണ്-നെല്ലൈ എങ്കളത് എല്ലൈ കുമരി എങ്കളതു തൊല്ലൈ- (തിരുനെൽവേലി ഞങ്ങളുടെ അതിർത്തിയാണ്. കന്യാകുമാരി ഞങ്ങളുടെ പ്രശ്നക്കാരും). തമിഴകത്ത് കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് ഡി.എം.കെ അധികാരത്തിൽ വന്നിട്ടും കന്യാകുമാരിയിൽനിന്ന് പ്രതിനിധികളെ നിയമസഭയിലേക്കും ലോക്സഭയിലേക്കും ലഭിക്കാതെവന്നപ്പോൾ തിരുനെൽവേലിയിൽ നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം പ്രസംഗിച്ചത്. അന്ന് കന്യാകുമാരി ജില്ലയിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു കൂടുതലായും ജയിച്ചിരുന്നത്. ഇത് മനസ്സിൽ കണ്ടായിരുന്നു അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. കാലങ്ങൾക്കുശേഷം കന്യാകുമാരി ജില്ലയും കലൈജ്ഞരെ ഉൾക്കൊള്ളാൻ തുടങ്ങി. ഡി.എം.കെ പ്രതിനിധികൾ സ്വന്തംനിലയിലും സഖ്യകക്ഷികളുടെ സഹായത്തോടും വിജയിച്ചുവന്നപ്പോൾ ഒരാളെയെങ്കിലും മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാനും അദ്ദേഹം മറന്നില്ല. 1971ൽ കാമരാജ് മത്സരിച്ചപ്പോൾ ഡി.എം.കെ സ്ഥാനാർഥി എം.സി. ബാലനുവേണ്ടി ജില്ലയിൽ താമസിച്ച് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത് അദ്ദേഹമായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ജില്ലക്ക് അദ്ദേഹം സമ്മാനിച്ച തിലകക്കുറിയാണ് 133 അടി പൊക്കമുള്ള തമിഴ്കവി തിരുവള്ളുവരുടെ പ്രതിമ. പ്രതിമ നിർമാണവേളയിൽ ഉണ്ടാകുന്ന ഉളിയുടെ ഓരോ ശബ്്ദവും ചെന്നൈയിൽനിന്ന് താൻ ശ്രവിക്കും എന്നാണ് അദ്ദേഹം നിർമാണവേളയിൽ പ്രതികരിച്ചത്. അഞ്ചു വർഷം കൂടുമ്പോൾ രാസവസ്തു പൂശി പ്രതിമ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. പൊതിക അണയും മാമ്പഴത്താറ് അണയും മത്സ്യബന്ധന തുറമുഖങ്ങളും കന്യാകുമാരിക്ക് കരുണാനിധിയുടെ സംഭാവനകളാണ്. 2010ൽ മുഖ്യമന്ത്രിയായിരുന്നവേളയിൽ നാഗർകോവിലിൽ ഡി.എം.കെയുടെ 'മുപ്പെരുംവിഴ'യിൽ അദ്ദേഹം പങ്കെടുത്ത്്്്്് കുടുംബത്തിൽ അന്ന് നിലനിന്ന അസ്വാരസ്യങ്ങളെ ഓർത്ത് വികാരാധീനനായി പ്രസംഗിച്ചതും നാട്ടുകാർ ഓർക്കുന്നു. കന്യാകുമാരി ജില്ലയിൽ അവശേഷിക്കുന്ന മലയാളി സമൂഹം തമിഴ്ഭാഷ നല്ലപോലെ കൈകാര്യം ചെയ്യുന്നതിന് പിന്നിലെ കരുണാനിധിയുടെ സംഭാവനകൾ വലുതാണ്. മലയാളികളുടെ ഉത്സവമായ ഓണാഘോഷത്തിന് കന്യാകുമാരി, നീലഗിരി, കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ പ്രദേശങ്ങൾക്ക് പ്രാദേശിക അവധി നൽകിയത് കരുണാനിധിയാണെന്ന കാര്യവും ഈ ഓണക്കാലത്ത്് തമിഴകത്തെ മലയാളികൾക്ക് ഓർക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.