തിരുവനന്തപുരം: മാലിന്യ സംസ്‌കരണ രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച ജില്ലയെയും പഞ്ചായത്തിനെയും കണ്ടെത്തുന്നതിനുള്ള സർവേക്കായി കേന്ദ്ര ഏജൻസി ജില്ലയിലെത്തും. 10 മുതൽ 31 വരെ സംഘം വിവിധ കേന്ദ്രങ്ങളിൽ പരിശോധനക്കെത്തും. സ്‌കൂളുകൾ, അംഗൻവാടികൾ, പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, റോഡരികുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലാണ് സന്ദർശനം. കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയമാണ് സർവേക്ക് നേതൃത്വം നൽകുന്നത്. 'സ്വച്ഛ് സർവേഷൻ ഗ്രാമീൺ -2018' പദ്ധതി പ്രകാരം നടപ്പാക്കിയ ശുചിത്വ മാലിന്യ പദ്ധതികളാകും സംഘം വിലയിരുത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനം, വിവിധ വകുപ്പുകൾ, മിഷനുകൾ, സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവർ സർവേയുടെ ഭാഗമാകും. ജില്ലയിലെ പഞ്ചായത്തുകളെ സർവേയിൽ മുൻപന്തിയിലെത്തിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കലക്ടർ ഡോ. കെ. വാസുകി പറഞ്ഞു. ശുചിത്വ രംഗത്ത് ഗ്രാമങ്ങളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ സംഘത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനും കലക്ടർ നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം കുന്നുകൂടി കിടക്കുന്നതും വെള്ളക്കെട്ടും ഒഴിവാക്കണം. ക്വാറി വേസ്റ്റ്, കല്ല്, മണ്ണ് എന്നിവ കൂട്ടിയിടരുത്. ചന്തകളിലെ മത്സ്യ-മാംസ മാലിന്യം കാര്യക്ഷമമായി നിർമാർജനം ചെയ്യണം. പൊതു ടോയ്‌ലറ്റുകളും കുടിവെള്ള സംവിധാനവും വൃത്തിയായി സൂക്ഷിക്കണമെന്നും പറഞ്ഞു. ഏഴിന് സ്‌കൂളുകളിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതു ശുചീകരണം നടത്തും. സർവേ സംബന്ധിച്ച് ഓൺലൈൻ പ്രതികരണം നൽകുന്നതിനുള്ള ആപ് ആയ എസ്.എസ്.ജി 18 ഡൗൺലോഡ് ചെയ്ത് പ്രതികരണം രേഖപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കും. മാധ്യമങ്ങളിലൂടെയും ഫേസ്ബുക്ക്, വാട്‌സ്ആപ് കൂട്ടായ്മകളിലൂടെയും ഇത് സംബന്ധിച്ച് ജനങ്ങൾക്ക് അറിയിപ്പ് നൽകും. സോഷ്യൽ മീഡിയയിൽ പ്രതികരണമോ നിർദേശങ്ങളോ നൽകുമ്പോൾ #SSG2018 എന്ന ഹാഷ് ടാഗ് ഉപയോഗിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.