റേഷൻ കൈപ്പറ്റിയ 30 അനർഹർക്ക് പണം തിരിച്ചടക്കാൻ നോട്ടീസ് നൽകി

കൊട്ടാരക്കര: താലൂക്കിൽ ദുർബല വിഭാഗങ്ങൾക്കുള്ള എ.എ.വൈ, മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശംവച്ച് ഇ-പോസ് സംവിധാനം വഴി റേഷൻ സാധനങ്ങൾ വാങ്ങിയവരിൽനിന്ന് കമ്പോള വില ഈടാക്കാനും വേണ്ടിവന്നാൽ പ്രോസിക്യൂഷൻ പ്രക്രിയ ആരംഭിക്കാനുമുള്ള നടപടി തുടങ്ങി. അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വിലയായ 80,611 രൂപ ഒരാഴ്ചക്കകം സംസ്ഥാന ഖജനാവിലോ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസിലോ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് 30 പേർക്ക് നോട്ടീസ് നൽകിയതായി താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫ് അറിയിച്ചു. ഇവരിൽ 20 പേർ മുൻഗണനയിലും 10 പേർ എ.എ.വൈയിലുംപെട്ട റേഷൻ കാർഡുകൾ കൈവശംെവച്ചാണ് തട്ടിപ്പ് നടത്തിയത്. സർക്കാർ ജീവനക്കാരുടെ പേര് കാർഡിൽനിന്ന് ബോധപൂർവം ഒഴിവാക്കി മുൻഗണന ആനുകൂല്യം വാങ്ങിയവരും ആഡംബര കാറുകളും വലിയവീടുകളും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ഉള്ളത് മറച്ചുെവച്ചവരും ഉൾപ്പെട്ടതാണ് 30 പേരുടെ പട്ടിക. പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കാതിരുന്ന കാർഡുകൾ മുഴുവൻ കഴിഞ്ഞദിവസം പൊതുവിഭാഗത്തിലേക്ക് മാറ്റിയതായും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. ഒരുകിലോ അരിക്ക് 29.81 രൂപയും ഗോതമ്പിന് 20.68 രൂപയുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള കമ്പോളവില. ഏഴ് ദിവസത്തിനകം തുക ഒടുക്കാത്തപക്ഷം റവന്യൂ റിക്കവറി, പ്രോസിക്യൂഷൻ നടപടികൾക്ക് വേണ്ടി കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും സപ്ലൈ ഓഫിസർ വ്യക്തമാക്കി. ഇനിയും നിരവധി അനർഹർ എ.എ.വൈ, മുൻഗണന റേഷൻ കാർഡുകൾ കൈവശംെവച്ചിട്ടുള്ളതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇവർ എട്ടിനകം സ്വമേധയാ കാർഡുകൾ അതാത് റേഷൻ കടകൾ വഴിയോ നേരിട്ടോ താലൂക്ക് സപ്ലൈ ഓഫിസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റാത്തപക്ഷം നിയമനടപടി തുടങ്ങും. എ.എ.വൈ, മുൻഗണന റേഷൻ കാർഡുകൾ കൈവശംെവച്ചിട്ടുള്ള അനർഹരെപ്പറ്റിയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കും അറിയിക്കാം. 04742454769 (ഓഫിസ്), 9188527430 (അസി. ടി.എസ്.ഒ -1), 9188527431 (അസി. ടി.എസ്.ഒ -2), 9188527579 (റേഷനിങ് ഇൻസ്‌പെക്ടർ, ചടയമംഗലം, ഇളമാട്, നിലമേൽ പഞ്ചായത്തുകൾ), 9188527580 (പവിത്രേശ്വരം, കുളക്കട),9188527581(വെട്ടിക്കവല, ഉമ്മന്നൂർ), 9188527582 (കൊട്ടാരക്കര മുനിസിപ്പാലിറ്റി, മൈലം, മേലില), 9188527583, 9188527580 (എഴുകോൺ, കരീപ്ര, നെടുവത്തൂർ), 9188527584 (വെളിയം, വെളിനല്ലൂർ, പൂയപ്പള്ളി), 9188527586 (ചിതറ, കുമ്മിൾ), 9188527587(കടക്കൽ, ഇട്ടിവ പഞ്ചായത്തുകൾ). താലൂക്കിലെ റേഷൻ വിതരണം സംബന്ധിച്ച പരാതികളും പൊതുജനങ്ങൾക്ക് മുഴുവൻ സമയവും പ്രവർത്തനക്ഷമമായ മേൽപറഞ്ഞ മൊബൈൽ നമ്പറുകളിൽ അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.