വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിൽ രണ്ടുകിലോമീറ്റർ പരിധിയിൽ മൂന്ന് പുതിയ ക്വാറികൾക്ക് അനുമതി. കീഴായിക്കോണം കൈതറക്കുഴി, ആലന്തറ നീർച്ചാൽ, കീഴായിക്കോണം വെളുത്തപാറ എന്നിവിടങ്ങളിലാണ് ക്വാറി തുടങ്ങാൻ തത്ത്വത്തിൽ അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന് തൊട്ടടുത്താണ് കോട്ടുകുന്നം മലയിൽ മറ്റൊരു ക്വാറിയുള്ളത്. മൂന്നുകിലോമീറ്റർ പരിധിക്കകത്തുള്ള ഈ ക്വാറികളുടെ പ്രവർത്തനം രൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു. പ്രദേശത്ത് കുടിവെള്ളക്ഷാമത്തിനും വായു-ജല മലിനീകരണത്തിനും ഇത് കാരണമാകും. എം.സി റോഡിൽ നിന്ന് വളരെ അകലെയല്ലാതെയാണ് നിർദിഷ്ട ക്വാറികളെല്ലാമുള്ളത്. മഴക്കാലത്ത് മണ്ണിടിച്ചിലോ മലയിടിച്ചിലോ ഉണ്ടായാൽ എം.സി റോഡിന് തന്നെ ഭീഷണിയാകും. ജില്ല-സംസ്ഥാന അതോറിറ്റികൾ ഒരു പരിശോധനയും നടത്താതെയാണ് അനുമതി നൽകുന്നതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികളെ അറിയിക്കുകയോ പരാതികൾ കേൾക്കുകയോ ചെയ്യുന്നില്ല. പരിസ്ഥിതി അനുമതി ലഭിക്കുമ്പോഴുള്ള ഒരു മാനദണ്ഡവും ക്വാറി ഉടമകൾ പിന്നീട് പാലിക്കാറില്ല. അനുവാദമുള്ളതിെൻറ പതിന്മടങ്ങ് പ്രഹരശേഷിയുപയോഗിച്ചാണ് ഖനനം നടത്തുന്നത്. എന്നാൽ, മൈനിങ് ആൻഡ് ജിയോളജി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഈ നിയമലംഘനങ്ങൾക്ക് ഒത്താശ ചെയ്യുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ക്വാറിക്ക് അനുമതി ലഭിച്ച ആലന്തറ നീർച്ചാലിലും കൈതക്കുഴിയിലും നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.