കൊല്ലം: പൊതുമേഖലയിൽനിന്ന് അതിവേഗം അകന്നുപോകുന്ന റെയിൽവേയെ സംരക്ഷിക്കാൻ തൊഴിലാളി പ്രസ്ഥാനങ്ങൾ ഒന്നിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ തിരുവനന്തപുരം ഡിവിഷൻ ദ്വൈവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയിൽവേ ഉൾെപ്പടെ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റുതുലക്കുന്നതിെൻറ പാതയിലാണ്. സാമൂഹികസേവനം എന്ന നിലയിൽനിന്ന് റെയിൽവേ പിന്നോട്ടുപോയിട്ടുണ്ട്. തൊഴിലാളികളുടെ യോജിച്ച നിലപാടില്ലാതെ റെയിൽവേയെ രക്ഷിക്കാൻ കഴിയില്ല. അഖിലേന്ത്യ തലത്തിൽ നടക്കുന്ന തൊഴിലാളിവർഗ സമരത്തിൽ റെയിൽവേയിലെ തൊഴിലാഴികൾ അണിചേരണം. റെയിൽവേയിൽ 100 ശതമാനം സ്വകാര്യവത്കരണമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളും സ്വകാര്യവ്യക്തികൾക്ക് കൈമാറുകയാണ്. സമ്പൂർണ കരാർവത്കരണത്തിലേക്കാണ് പോകുന്നത്. സ്ഥിരംജീവനക്കാർ ഗണ്യമായി കുറഞ്ഞു. 2.5 ലക്ഷം ഒഴിവുവന്നെങ്കിലും നികത്തിയില്ല. വിരമിച്ചവർക്ക് പകരം നിയമനം ഉണ്ടായില്ല. 10 വർഷത്തിനുള്ളിൽ സ്ഥിരംജീവനക്കാരുടെ എണ്ണത്തിൽ വലിയകുറവുണ്ടാകും. കരാർ ജീവനക്കാരുടെ എണ്ണം എട്ട് ലക്ഷം കവിഞ്ഞു. 10 വർഷമായി പുതിയ ട്രെയിനുകൾക്ക് ആവശ്യമായ എൻജിൻ അനുവദിക്കാത്തതിനാൽ തുടർച്ചായി ആറുമണിക്കൂറോളം ജോലി ചെയ്യേണ്ടിവരുന്നു. എല്ലാ മേഖലയിലും സ്ഥിരംതൊഴിൽ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ നയം. ആരെയും നിയമിക്കാനും തോന്നുമ്പോൾ പിരിച്ചുവിടാനുമുള്ള കോർപറേറ്റ് താൽപര്യം സംരക്ഷിക്കുന്നു. റെയിൽവേ വികസനത്തിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ശക്തമായ ശബ്ദം ഉയരണം. വർഗീയ വിദ്വേഷം സൃഷ്ടിച്ച് തൊഴിലാളികളുടെ ഐക്യം തകർക്കാൻ വർഗീയശക്തികൾ നടത്തുന്ന ആസൂത്രിതനീക്കം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ വൈസ് പ്രസിഡൻറ് കെ.എ.എസ്. മണി അധ്യക്ഷത വഹിച്ചു. സി.സി.ജി.ഇ.ഡബ്ലു ജനറൽ സെക്രട്ടറി എം. കൃഷ്ണൻ, അസോസിയേഷൻ ഓൾ ഇന്ത്യ പ്രസിഡൻറ് എൽ. മണി, സോണൽ പ്രസിഡൻറ് വി.ആർ. പ്രകാശ്, സോണൽ സെക്രട്ടറി വി. ബാലചന്ദ്രൻ, ആർ. നാഗരാജൻ, കെ.എം. അനിൽകുമാർ, പി.കെ. വിശ്വവത്സലൻ, ജി. ശ്രീകണ്ഠൻ, വി. ശശിധരൻ, ആർ. ശരത്ചന്ദ്രബാബു, വി. വിജേഷ്, ബിജു ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.