ലൈഫ് മിഷന്‍ തണലായി; ഓമനക്കും കുടുംബത്തിനും വീടായി

കൊല്ലം: തുണിയും ഓലയുംകൊണ്ട് മറച്ച വീട്ടിനുള്ളിലെ ദുരിത ജീവിതത്തോട് വിട പറഞ്ഞ് ചിറക്കര കുന്നുംപുറത്ത് ഓമനയും കുടുംബവും അടച്ചുറപ്പുള്ള സ്വന്തം വീട്ടിലേക്ക് മാറി. സര്‍ക്കാറി​െൻറ ലൈഫ് മിഷനു കീഴില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തും ചാത്തന്നൂര്‍ കാരംകോട് വിമല സെന്‍ട്രല്‍ സ്‌കൂളും കൈകോര്‍ത്താണ് ഇവരുടെ സ്വപ്നം സാക്ഷാത്കരിച്ചത്. വീട് നിര്‍മാണത്തിന് ചെലവായ മൂന്നര ലക്ഷത്തിലധികം രൂപയില്‍ ഒന്നര ലക്ഷവും വിമല സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ചതാണ്. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തിദിനങ്ങള്‍ വീട് നിര്‍മാണത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിനായി. കൂലിപ്പണിക്കാരനായ ഭര്‍ത്താവും മൂന്നു കുഞ്ഞുങ്ങളും അടങ്ങിയതാണ് ഓമനയുടെ കുടുംബം. കുഞ്ഞുങ്ങളില്‍ ഒരാള്‍ ഭിന്നശേഷി നേരിടുന്നുണ്ട്. ജില്ല പഞ്ചായത്തില്‍നിന്ന് അനുവദിച്ച മൂന്നു സ​െൻറ് സ്ഥലത്ത് ഷെഡ് കെട്ടി താമസിച്ചുവരുകയായിരുന്നു. 2013ല്‍ ഇവര്‍ക്ക് ഐ.എ.വൈ ഭവന പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും വീടി​െൻറ അടിത്തറ നിര്‍മിക്കാനേ സാധിച്ചുള്ളൂ. ദുരിതം നിറഞ്ഞ ജീവിത സാഹചര്യം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ഇവര്‍ക്കുവേണ്ടി കൈകോര്‍ക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.