തിരുവനന്തപുരം: മുന്നണിയിൽ മടങ്ങിയെത്തിയ കേരള കോൺഗ്രസ് -എമ്മിന് രാജ്യസഭ സീറ്റ് നൽകിയതിനെ പരസ്യമായി വിമർശിച്ച് രംഗത്തുവന്ന കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ തുറന്ന പോരിലേക്ക്. യു.ഡി.എഫ് ഏകോപനസമിതിയിലെ കോൺഗ്രസ് പ്രതിനിധിസ്ഥാനം സുധീരൻ രാജിവെച്ചു. രാജിക്കത്ത് യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷനേതാവിനും കെ.പി.സി.സി പ്രസിഡൻറിനും ഇ-മെയിൽ മുഖേന അയച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ യു.ഡി.എഫിന് വിജയിക്കാൻ കഴിയുന്ന ഏക സീറ്റാണ് മുന്നണിയിലേക്ക് മടങ്ങിവന്ന കേരള കോൺഗ്രസ് -എമ്മിന് നൽകിയത്. കോൺഗ്രസിെൻറയും കേരള കോൺഗ്രസ് -എമ്മിെൻറയും സി.പി.എമ്മിെൻറയും ഒാരോ സീറ്റുകൾ വീതമാണ് ഒഴിവുവന്നത്. ഇതിലേക്ക് കേരള കോൺഗ്രസ് -എമ്മിലെ ജോസ് കെ. മാണി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സീറ്റ് ദാനത്തിന് ശേഷം ചേർന്ന യു.ഡി.എഫ് യോഗത്തിൽനിന്ന് സുധീരൻ ഇറങ്ങിപ്പോയിരുന്നു. പിന്നീട് നടന്ന യോഗത്തിൽ സംബന്ധിച്ചുമില്ല. കെ.പി.സി.സി നേതൃയോഗത്തിലും സീറ്റ് ദാനത്തിനെതിരെ തുറന്നടിക്കുകയും പിന്നീട് വാർത്തസമ്മേളനം നടത്തി നേതൃത്വത്തിെൻറ നടപടിയെ വിമർശിക്കുകയും ചെയ്തു. പിന്നാലെ ചേർന്ന യു.ഡി.എഫ് യോഗത്തിൽ സുധീരെൻറ നടപടിയിൽ കെ.എം. മാണി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാണിയുള്ള യു.ഡി.എഫ് യോഗത്തിലേക്ക് താനില്ലെന്ന സൂചനയാണ് ഇേപ്പാൾ രാജിയിലൂടെ സുധീരൻ നൽകുന്നത്. രാജ്യസഭ സീറ്റ് ദാനവും കേരള കോൺഗ്രസിൻറ മുന്നണി പ്രവേശന വിവാദവും അവസാനിെച്ചന്ന് കരുതിയിരിക്കെയാണ് സുധീരെൻറ രാജി. എന്നാൽ, രാജ്യസഭ തെരെഞ്ഞടുപ്പും കഴിഞ്ഞ് ജോസ് കെ. മാണി സത്യപ്രതിജ്ഞയും ചെയ്ത സ്ഥിതിക്ക് രാജിക്ക് എന്ത് പ്രസക്തിയെന്നാണ് കെ.പി.സി.സി നേതൃത്വത്തിെൻറ നിലപാട്. കേരള കോൺഗ്രസ് -എം മുന്നണിയുടെ ഭാഗമാണെന്നും പാർട്ടിക്കകത്തെ പ്രശ്നങ്ങൾ മുന്നണിയെ ബാധിക്കരുതെന്നും കെ.പി.സി.സിയുടെ മുതിർന്ന ഭാരവാഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.