തിരുവനന്തപുരം: എഴുത്തും വായനയും പഠിപ്പിക്കുന്നതിനപ്പുറം പഠിതാക്കളിൽ സാമൂഹിക സാക്ഷരതക്ക് കൂടുതൽ പ്രാമുഖ്യംനൽകി സാക്ഷരത മിഷൻ പുതിയ പാഠ്യപദ്ധതിക്ക് രൂപംനൽകി. ലിംഗസമത്വ ബോധനം, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യംനൽകിയുള്ള ബോധന സമ്പ്രദായമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി മൂന്ന് സാമൂഹിക സാക്ഷരത പഠാവലികളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 'ലിഗസമത്വബോധനം' സാമൂഹ്യസാക്ഷരത പാഠാവലി- 1, 'ആരോഗ്യം' സാമൂഹ്യസാക്ഷരത പാഠാവലി- 1, 'നിയമം' സാമൂഹ്യസാക്ഷരത പാഠാവലി-1 എന്നിങ്ങനെയുള്ള ലഘു പുസ്തകങ്ങളുടെ നിർമാണമാണ് നടന്നുവരുന്നത്. ഓരോ മേഖലയെക്കുറിച്ചും പൊതുസമൂഹത്തിൽ അടിസ്ഥാനബോധം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് സാക്ഷരത മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല പറഞ്ഞു. ആർദ്രം മിഷൻ സ്േറ്ററ്റ് കൺസൾട്ടൻറ് ഡോ.പി.കെ. ജമീലയുടെ അധ്യക്ഷതയിൽ നടന്ന സാമൂഹികസാക്ഷരത പാഠാവലികളുടെ നിർമാണ ശിൽപശാല ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ഡോ. അനീഷ് ടി.എസ്, ഡോ.എം.എ. അസ്കർ, ഡോ. ദിവ്യ എസ്, ഡോ.ടി.കെ. ആനന്ദി, അഭിജിത്ത് ജോർജ്, ഹാഷിം എ. കബീർ തുടങ്ങിയവർ സാമൂഹിക സാക്ഷരത പാഠാവലി നിർമാണ ശിൽപശാലയിൽ പങ്കെടുത്തു. സാക്ഷരത മിഷൻ പുതുതായി ആരംഭിച്ച 11 പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മൊത്തം 1807 ഇൻസ്ട്രക്ടർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരിലൂടെ സാമൂഹിക സാക്ഷരത പരിപാടികൽ ശക്തിപ്പെടുത്തും. ഇത്രയും ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ സാക്ഷരത മിഷെൻറ പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലെ 70000 പഠിതാക്കളെ അണിനിരത്തി സാമൂഹികസാക്ഷരത പദ്ധതികൾ ഉൗർജിതമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.