തിരുവനന്തപുരം: ജില്ലയിൽ മഴക്കെടുതി നേരിടുന്നതിന് അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിച്ചതായി കലക്ടർ ഡോ. കെ. വാസുകി പറഞ്ഞു. ജില്ലയിലെ മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു കലക്ടർ. എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തിങ്കളാഴ്ച രാത്രി തന്നെ പ്രവർത്തനം ആരംഭിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി താലൂക്കുകളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് സപ്ലൈകോക്കും ഹോർട്ടികോർപ്പിനും നിർദേശംനൽകി. തമ്പാനൂരിൽ വെള്ളക്കെട്ടിലായ എസ്.എസ് കോവിൽ റോഡ് സന്ദർശിച്ച കലക്ടർ വ്യാപാരികളുമായി സംസാരിച്ചു. കരിമഠം കോളനി, മണക്കാട് എന്നിവിടങ്ങളിലെ വെള്ളംകയറിയ വീടുകളും സന്ദർശിച്ചു. തൈക്കാട്, ജഗതി, കാരക്കാട് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നതിനാൽ വെള്ളംകയറുന്ന വീടുകളിൽ നിന്ന് വീട്ടുകാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് തിരുവനന്തപുരം തഹസിൽദാർക്ക് നിർദേശം നൽകി. കടകംപള്ളി താലൂക്കിലെ വേളി ഗുഡ്‌സ് യാഡ് കോളനിയിലെ വീടുകളിൽ വെള്ളംകയറിയതിനെത്തുടർന്ന് താമസക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. നദികളിലെ ജലനിരപ്പ് ഉയർന്നതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടിൽ ഇറങ്ങാതെ ശ്രദ്ധിക്കണമെന്നും കലക്ടർ പറഞ്ഞു. വൈദ്യുതി തടസ്സം അടക്കം പരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശംനൽകി. അസിസ്റ്റൻറ് കളക്ടർ ജി. പ്രിയങ്കയും കലക്ടർക്കൊപ്പമുണ്ടായിരുന്നു. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ അനു എസ്. നായരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.