കൊല്ലം: മരണമല്ലാതെ മറ്റു മാർഗമില്ലാത്ത രോഗികളെ ചികിത്സയും ജീവൻരക്ഷാ ഉപകരണങ്ങളും പിൻവലിച്ച് കർശന മാർഗനിർദേശങ്ങളോടെ ദയാമരണം നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കും. ഇതുസംബന്ധിച്ച് ഡോ. എം.ആർ. രാജഗോപാൽ കമ്മിറ്റി നൽകിയ ശിപാർശകൾ പരിഗണിച്ചാണ് ഉത്തരവ് ഇറക്കുന്നത്. സുപ്രീംകോടതി ദയാമരണം അനുവദിച്ചെങ്കിലും സർക്കാർ ഉത്തരവിെൻറ പിൻബലമില്ലാതെ നടപ്പാക്കാൻ ഡോക്ടർമാർ ഉൾപ്പെടെ തയാറല്ല. കമ്മിറ്റിയുടെ ശിപാർശ ഇപ്പോൾ ആരോഗ്യമന്ത്രിയുടെ പരിഗണനയിലാണ്. കഴിഞ്ഞ മാർച്ച് ഒമ്പതിന് സുപ്രീംകോടതി വിധി വന്നതിനെ തുടർന്നാണ് പഠിക്കാൻ ഡോ. എം.ആർ. രാജഗോപാൽ അധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. മുൻ ജഡ്ജിയും നാല് ഡോക്ടർമാരും അടങ്ങുന്നതായിരുന്നു കമ്മിറ്റി. ചികിത്സകൊണ്ട് ഫലമില്ലാത്തവർക്ക് സ്വാഭാവിക മരണം അനുവദിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും അതിനെ ദയാവധമായി കണക്കാക്കാനാവില്ലെന്നും കമ്മിറ്റി വിലയിരുത്തി. ഇതു ദുരുപയോഗപ്പെടുത്താതിരിക്കാനാണ് കോടതി കർശന മാർഗനിർദേശങ്ങൾ നൽകിയത്. സ്വന്തം മരണം സംബന്ധിച്ച വിൽപ്പത്രം എഴുതാനും അതു നടപ്പാക്കാനും സുപ്രീംകോടതി നിർദേശിച്ച കർശന വ്യവസ്ഥകളിൽ ഒരു മാറ്റവും വരുത്താനാവില്ലെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ സർക്കാർ ഉത്തരവായി ഇറക്കണം. ജില്ല ജഡ്ജി ചുമതലപ്പെടുത്തുന്ന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിൽപ്പത്രത്തിൽ ഒപ്പുവെക്കണം. വിൽപ്പത്രം പൂർണ ബോധ്യത്തോടെ തയാറാക്കിയതാണെന്ന് സാക്ഷികളും മജിസ്ട്രേറ്റും സാക്ഷ്യപ്പെടുത്തണം. വിൽപ്പത്രത്തിെൻറ പകർപ്പ് മജിസ്ട്രേറ്റ് സൂക്ഷിക്കണം. ഒരു പകർപ്പ് തദ്ദേശ സ്ഥാപനത്തിൽ ഏൽപിക്കണം. ചികിത്സിക്കുന്ന ആശുപത്രിയിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ബോർഡ് പരിശോധിച്ച് രോഗിക്ക് മരണമല്ലാതെ മറ്റു മാർഗമില്ലെന്ന് സാക്ഷ്യപ്പെടുത്തുകയും തുടർന്ന് അത് കലക്ടറെ അറിയിക്കുകയും വേണം. കലക്ടർ വിഷയം ഡി.എം.ഒ ചെയർമാനായ ബോർഡിെൻറ പരിഗണനക്ക് വിടണം. ബോർഡ് ദയാമരണത്തിന് ശിപാർശ ചെയ്താൽ അക്കാര്യം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ അറിയിക്കണം. അദ്ദേഹം രോഗിയെ കണ്ടു ബോധ്യപ്പെട്ടാലേ ദയാമരണം നടപ്പാക്കാനാവൂ. ഈ സാഹചര്യത്തിൽ ഓരോ ജില്ലയിലും 25 സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ പാനൽ ഉണ്ടാക്കി സൂക്ഷിക്കണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തു. സ്പെഷലിസ്റ്റ് ഡോക്ടർമാരെ മുൻകൂട്ടി കണ്ടെത്തിയാൽ ബോർഡ് രൂപവത്കരണത്തിലും മറ്റുമുള്ള കാലതാമസം ഒഴിവാക്കാമെന്ന് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.