*ഡി.എൻ.എ ഫലം ചൊവ്വാഴ്ച ലഭിക്കും തിരുവനന്തപുരം: കോവളം ബീച്ചിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയ ലാത്വിയൻ സ്വദേശിനി ലിഗ സ്‌ക്രോമെനയുടെ (32) മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവര്‍ രംഗത്ത്. കാണാതാകുമ്പോള്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രമല്ല മൃതദേഹത്തിലുണ്ടായിരുന്നതെന്നും കൈയിൽ ആവശ്യത്തിന് കാശില്ലാതിരുന്നവർ പുതിയ വസ്ത്രം വാങ്ങുമെന്ന് കരുതാനാവില്ലെന്നും ലിഗയെ അയിരൂപ്പാറയില്‍നിന്ന് കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവര്‍ ഷാജി പറഞ്ഞു. ഏപ്രില്‍ 14ന് രാവിലെ അയിരൂപ്പാറ മരുതുംമൂടില്‍നിന്നാണ് ലിഗ ഷാജിയുടെ ഓട്ടോയില്‍ കയറുന്നത്. കോവളം ഗ്രോ ബീച്ചിൽ പോകണമെന്നാണ് പറഞ്ഞത്. നീളം കുറഞ്ഞ പാൻറും നീല ടീ ഷര്‍ട്ടുമായിരുന്നു. എന്നാൽ, മൃതദേഹത്തിൽ നീളം കൂടിയ പാൻറും ജാക്കറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോയിലിരുന്ന് തെൻറ അനുമതിയോടെ അവര്‍ പുകവലിച്ചിരുന്നുവെന്നും കോവളത്തിെൻറ പ്രകൃതിഭംഗിയെക്കുറിച്ചും മലയാളിയുടെ ഭക്ഷണപ്രിയത്തെക്കുറിച്ചും ഏറെ വാചാലയായി സംസാരിച്ചെന്നും ഷാജി പറയുന്നു. സിഗററ്റ് പായ്ക്കറ്റും 1000 രൂപയുമല്ലാതെ മറ്റൊന്നും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല. 750 രൂപ കൂലി ആവശ്യപ്പെട്ടപ്പോള്‍ 800 രൂപ നല്‍കിയെന്നും ഷാജി പൊലീസിന് മൊഴി നൽകി. ഷാജിയുടെ ഓട്ടോയില്‍ ലിഗ കോവളത്തെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 200 രൂപകൊണ്ട് പുതിയ പാൻറും ജാക്കറ്റും ലഭിക്കില്ല. ലിഗക്ക് അതെങ്ങനെ ലഭിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നെന്ന് ലിഗയെ ചികിത്സിച്ച ഡോക്ടർ ദിവ്യയും പൊലീസിന് മൊഴി നൽകി. ഫെബ്രുവരി 21നാണ് പോത്തന്‍കോട് ധര്‍മ്മാ ആയുര്‍വേദ റിസോര്‍ട്ടില്‍ ലിഗ മാനസികസമ്മർദത്തിന് ചികിത്സക്കെത്തുന്നത്. മൂന്നാഴ്ച ലിഗക്ക് ചികിത്സ നൽകിയെന്നും ഡോക്ടര്‍ പറയുന്നു. അതേസമയം, മൃതദേഹത്തിന് അടുത്ത് കണ്ട ചെരിപ്പ് ലിഗയുടേതല്ലെന്ന് പൊലീസും ഉറപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച ഡെപ്യൂട്ടി കമീഷണർ ജയദേവിെൻറ നേതൃത്വത്തിൽ കാരമനയാറിെൻറ പനത്തറ ഭാഗത്ത് വള്ളത്തിലെത്തി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിങ്കളാഴ്ച ഐ.ജി മനോജ് എബ്രഹാമിന് ലഭിച്ചെങ്കിലും ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കേരള ടൂറിസത്തെയും സർക്കാറിനെയും ദോഷകരമായി ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. ലിഗയുടെ വാരിയെല്ലിെൻറ ഭാഗവും പല്ലും സഹോദരി ഇല്‍സിയുടെ രക്തസാമ്പിളും ഡി.എന്‍.എ പരിശോധനക്കായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്‌നോളജിയില്‍ അയച്ചിട്ടുണ്ട്. ഇതിെൻറ ഫലവും ബുധനാഴ്ച ലഭിക്കുമെന്നാണ് വിവരം. ഇതിെൻറ ഫലം ലഭിച്ചശേഷം മാത്രമേ മൃതദേഹം ലിഗയുടേതാണോയെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. ചൊവ്വാഴ്ച രാത്രിയോടെ ഐ.ജി മനോജ് എബ്രഹാമിെൻറ നേതൃത്വത്തില്‍ ഉന്നത മെഡിക്കൽ സംഘത്തിെൻറ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.