കരുനാഗപ്പള്ളി: മുൻ റേഡിയോ ജോക്കി മടവൂർ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കരുനാഗപ്പള്ളിയിലെത്തിച്ച് തെളിവെടുത്തു. അപ്പുണ്ണി, അലിഭായി എന്ന ഓച്ചിറ സ്വദേശി മുഹമ്മദ് സാലിഹ്, കുലശേഖരപുരം പുന്നക്കുളം പുത്തൻതെരുവ് സ്വദേശി തൻസീർ എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കരുനാഗപ്പള്ളിയിലെത്തിച്ചത്. ആറ്റിങ്ങൽ സി.ഐ എം. അനിൽകുമാർ, കിളിമാനൂർ സി.ഐ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതികൾ കൃത്യം കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ രാത്രിയിൽ ആയുധങ്ങൾ, രക്തം പുരണ്ട വസ്ത്രങ്ങൾ എന്നിവ കായലിൽ വലിച്ചെറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പള്ളിക്കലാറിലെ കന്നേറ്റി പാലത്തിന് സമീപം താഴെ കായൽക്കരയിലെത്തിച്ച് തെളിവെടുത്തത്. ഏപ്രിൽ 10നും 11 നും അന്വേഷണത്തിെൻറ ഭാഗമായി അലിഭായി, തൻസീർ എന്നിവരെ കന്നേറ്റിയിലെത്തിച്ച് തെളിവെടുത്തിരുന്നു. തുടർന്ന് കൊലക്ക് ഉപയോഗിച്ച വടിവാളും വെട്ടുകത്തിയും കായലിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. അന്ന് അപ്പുണ്ണി അറസ്റ്റിലായിരുന്നില്ല. പിന്നീട് അറസ്റ്റിലായ അപ്പുണ്ണിയെയും തെളിവെടുപ്പിന് കൊണ്ടുവരേണ്ടത് ആവശ്യമായതിനാലാണ് റിമാൻഡിൽ കഴിഞ്ഞിരുന്ന മറ്റ് പ്രതികൾക്കൊപ്പം ഇയാളെയും എത്തിച്ചത്. കന്നേറ്റിയിലെ തെളിവെടുപ്പിന് ശേഷം മൂന്നു പ്രതികളെയും പുത്തൻതെരുവിലും കൊണ്ടുവന്നു. പുത്തൻതെരുവിനും പുതിയകാവിനുമിടയിലുള്ള ദേശീയപാതയോരത്തെ തട്ടുകടയിൽ മൂന്നുപേരും സംഭവ ദിവസം വൈകീട്ട് ഒത്തുകൂടി രാജേഷിനെ കൊല ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് ആലോചിച്ചിരുന്നുവത്രേ. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇവിടെ പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.