കടലാക്രമണം; അഞ്ചുതെങ്ങിൽ വ്യാപകനാശം

ആറ്റിങ്ങല്‍: ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് തീരം പ്രക്ഷുബ്ധമായി തുടരുന്നു. വ്യാപകനാശം. തീരവാസികള്‍ ആശങ്കയില്‍. ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. മൂന്നു ദിവസമായി തുടരുന്ന കടലാക്രമണം ഞായറാഴ്ചയോടെ കൂടുതല്‍ ശക്തിപ്രാപിച്ചു. താഴംപള്ളി, പൂത്തുറ, ശിങ്കാരത്തോപ്പ്, മുഞ്ഞമൂട്, അടിമലത്തുറ, കോട്ട, അഞ്ചുതെങ്ങ് തീരങ്ങളിലാണ് കടല്‍ക്ഷോഭം ശക്തമായി തുടരുന്നത്. ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളില്‍ വരുന്ന നാല് കിലോമീറ്ററോളം ദൂരമാണ് അപകടാവസ്ഥയിലുള്ളത്. നൂറോളം വീടുകള്‍ അപകട ഭീഷണിയിലാണ്. കടലാക്രമണത്തില്‍ ദിനവും കൂടുതല്‍ വീടുകള്‍ക്ക് നാശം സംഭവിക്കുന്നുണ്ട്. കടല്‍ഭിത്തി കടന്നെത്തുന്ന തിരമാലകള്‍ വീടുകള്‍ക്കുള്ളിലേക്ക് ഇരച്ചുകയറുകയാണ്. കിലോമീറ്ററോളം ദൂരത്തില്‍ കടല്‍ഭിത്തി തകര്‍ന്നു. നിരന്തരമുള്ള തിരയടിയിലാണ് കടല്‍ഭിത്തിക്ക് ബലക്ഷയമുണ്ടായത്. മുഞ്ഞമൂടിന് സമീപം റോഡ് കടലെടുക്കുന്ന അവസ്ഥയിലാണ്. അഞ്ചുതെങ്ങ്-പെരുമാതുറ റോഡില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തുന്ന കാര്യവും റവന്യൂ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. പൂത്തുറ, ശിങ്കാരത്തോപ്പ്, കോട്ട മേഖലകളിലെ തീരത്തോട് ചേര്‍ന്നുള്ള വീടുകളെല്ലാം ഭാഗികമായി തകര്‍ന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് തകര്‍ച്ച ഭീഷണി നേരിടുന്നത്. പൂത്തുറ മേഖല ഒരു പതിറ്റാണ്ടായി എല്ലാ വര്‍ഷവും കടലാക്രമണത്തെ നേരിടുന്നുണ്ട്. സുരക്ഷിത മേഖലയായിരുന്ന കോട്ട ഭാഗവും ഇപ്പോള്‍ കടലാക്രമണത്തെ അഭിമുഖീകരിക്കുകയാണ്. കടൽത്തീരത്ത് കയറ്റിവെച്ചിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കടല്‍ഭിത്തിക്ക് മുകളിലൂടെ കരയിലേക്ക് മാറ്റിയാൽ ബോട്ട് തകരും. അതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് മത്സ്യത്തൊഴിലാളികള്‍. വലയുള്‍പ്പെടെ മത്സ്യബന്ധനോപകരണങ്ങളും നശിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായി. അപകട ഭീഷണിയിലായ വീടുകളില്‍ കഴിഞ്ഞിരുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അഞ്ചുതെങ്ങ് സ​െൻറ് ജോസഫ് സ്‌കൂളിലും അടിമലത്തുറ ബഡ്‌സ് സ്കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്. ഇരുപതോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഇടപെട്ടാണ് ക്യാമ്പുകള്‍ തുറന്നത്. ക്യാമ്പുകളിലെ സ്ഥിതി വിലയിരുത്തുന്നതിനും കടലാക്രമണമേഖല സന്ദര്‍ശിക്കുന്നതിനും കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍ സ്ഥലത്തെത്തി. തദ്ദേശവാസികളോട് ആശയവിനിമയം നടത്തുകയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കുകയും ചെയ്തു. സബ് കലക്ടര്‍ കെ. ഇമ്പശേഖര്‍, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ഡീന, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡൻറ് ക്രിസ്റ്റി സൈമണ്‍, തഹസില്‍ദാര്‍ ക്ലമൻറ് ലോപ്പസ് എന്നിവര്‍ കലക്ടറെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.