പദ്ധതികൾ യാഥാർഥ്യമായി; കുടിവെള്ളക്ഷാമമില്ലാതെ കിഴക്കൻമേഖല

പത്തനാപുരം: പദ്ധതികൾ യാഥാർഥ്യമായി, കിഴക്കൻമേഖലയിൽ ഇനി കുടിവെള്ളം മുടങ്ങില്ല. കനത്തവേനലിൽ ജലത്തിനായി ബുദ്ധിമുട്ടിയിരുന്ന മലയോരജനതക്കായി രണ്ട് ബൃഹത് കുടിവെള്ള പദ്ധതികളാണ് യാഥാർഥ്യമായത്. കുരിയോട്ടുമല കുടിവെള്ളപദ്ധതിയും പൂക്കുന്നിമല കുടിവെള്ള പദ്ധതിയുമാണ് കമീഷൻ ചെയ്തത്. പത്തനാപുരം താലൂക്കിലെ പിറവന്തൂർ, പത്തനാപുരം, തലവൂർ, പട്ടാഴി, പട്ടാഴി വടക്ക് എന്നിവിടങ്ങളിൽ നിലവിൽ ശുദ്ധജലവിതരണം നടക്കുന്നുണ്ട്. ഇതിനുപുറമെ പൂക്കുന്നിമല കുടിവെള്ളപദ്ധതിയിൽ നിന്നും കൊട്ടാരക്കര താലൂക്കിലെ മൈലം പഞ്ചായത്തിനുള്ള കുടിവെള്ള വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കല്ലടയാറ്റിൽ കിണർ സ്ഥാപിക്കുകയും അതിൽനിന്ന് ജലം പൂക്കുന്നിമലയുടെ അടിവാരത്തുള്ള ശുദ്ധീകരണ പ്ലാൻറിൽ എത്തിക്കുകയും ചെയ്യും. അവിടെനിന്നും മലയുടെ മുകളിലുള്ള ടാങ്കിലെത്തിച്ച് വിതരണത്തിന് സാധ്യമാക്കുന്നതാണ് പട്ടാഴി പദ്ധതി. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ കടുവാത്തോട്ടിലും ജലസംഭരണി സ്ഥാപിച്ചിട്ടുണ്ട്. 90 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കാണ് പൂക്കുന്നിമലയിൽ നിർമിച്ചത്. 36 കോടി രൂപയായിരുന്നു പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇതിന് സമാനമായാണ് കുരിയോട്ടുമല കുടിവെള്ളപദ്ധതിയും പ്രവര്‍ത്തിക്കുന്നത്. കല്ലടയാറ്റിലെ ജലം ശുദ്ധീകരിച്ച് വലിയ സംഭരണികളിലാക്കിയാണ് വിതരണംനടത്തുന്നത്. കുരിയോട്ടുമല പദ്ധതി പ്രകാരം ഗാര്‍ഹിക കണക്ഷനുകളും പൂര്‍ത്തിയായികഴിഞ്ഞു. വിളക്കുടി പഞ്ചായത്തിനെ പൂര്‍ണമായും യോജിപ്പിച്ച് മഞ്ഞമണ്‍കാലയില്‍ പുതിയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.