പൂജപ്പുര: കൈവിട്ടുപോയേക്കാവുന്ന രണ്ട് വിലപിടിപ്പുള്ള ജീവൻ രക്ഷിച്ചത് സ്വന്തം ജീവൻ അവഗണിച്ച് കയത്തിലേക്കെടുത്തുചാടിയ അച്ഛനും മകളും. തമലം ചുള്ളമുക്ക് തെറ്റിക്കാട് കടവിൽ പൊലിഞ്ഞ അഞ്ജലി എസ്. ലക്ഷ്മിയുടെ ഒപ്പം കരമനയാറ്റിൽ മുങ്ങിത്താണ സുലീന, ആര്യ എന്നിവരെയാണ് സമീപവാസികളായ ഓട്ടോ ഡ്രൈവർ ശ്രീകുമാറും മകൾ സ്വകാര്യ സ്കൂൾ അധ്യാപിക ശാലിനിയും രക്ഷിച്ചത്. മണലെടുത്ത് വൻ കുഴിയായി മാറിയ കയത്തിലേക്കാണ് കരമനയാറിനെക്കുറിച്ച് അറിയാത്ത നാലംഗ കൂട്ടുകാർ കാൽ നനയ്ക്കാനിറങ്ങി അപകടത്തിൽപെട്ടത്. കൂടെയുണ്ടായിരുന്ന സൗമ്യ സജി വെള്ളത്തിലിറങ്ങാത്തതിനാൽ അപകടത്തിൽപെട്ടില്ല. ഉച്ചക്ക് 12.30നായിരുന്നു സംഭവം. കൂടെയുള്ളവർ വെള്ളത്തിൽ താണുപോയ കൂട്ടുകാരിയെ കാണാതെ നിലവിളിച്ചപ്പോഴാണ് സമീപവാസി ശ്രീകുമാറും മകളും രക്ഷകരായെത്തിയത്. ചെങ്കൽചൂള അഗ്നിശമനസേനയിലെ സ്റ്റേഷൻ ഓഫിസർ സി.അശോക് കുമാറാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെടുത്തത്. കൂടെയെത്തിയ കൂട്ടുകാരിയുടെ ചലനമറ്റ ശരീരം കണ്ട് വിങ്ങിപ്പൊട്ടിയ കൂട്ടുകാർ നാട്ടുകാരുടെ മുന്നിൽ തീരാദുഃഖമായി. വേനൽക്കാല ബാസ്കറ്റ് ബാൾ പരിശീലന പരിപാടിക്കിടെ തമലത്തെ കൂട്ടുകാരിയുടെ വീട് സന്ദർശിക്കവേയാണ് കുട്ടികൾ അപകടത്തിൽപെട്ടത്. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എൻജിനീയറായ ആർ. സന്തോഷാണ് അഞ്ജലിയുടെ പിതാവ്. മാതാവ് തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ അസി. പ്രഫസർ എസ്. അനിത. ദമ്പതികളുടെ ഏക മകളാണ് അഞ്ജലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.