യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

വള്ളക്കടവ്: പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഈഞ്ചയ്ക്കലിലെ എയർഇന്ത്യ സാറ്റ്‌സ് ഓഫിസ് യൂത്ത് കോൺഗ്രസ് ഉപരോധിച്ചു. എയർഇന്ത്യ സാറ്റ്‌സ് വൈസ് പ്രസിഡൻറ് ബിനോയി ജേക്കബ് ജീവനക്കാരെ കള്ളക്കേസുകളിൽ കുടുക്കി പുറത്താക്കുന്നെന്ന് ആരോപിച്ചായിരുന്നു സമരം. സാറ്റ്‌സിലെ ഐ.എൻ.ടി.യു.സി സംഘടനാ നേതാവിനെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ഇദ്ദേഹം യൂത്ത്കോൺഗ്രസുമായി ചേർന്നായിരുന്നു സമരം നടത്തിയത്. ജീവനക്കാർക്കെതിരേ വ്യാജ ലൈംഗികാരോപണ പരാതി നൽകുന്നുവെന്നും പണംവാങ്ങി നിയമനം നടത്തുന്നുവെന്നും സമരക്കാർ ആരോപിച്ചു. ബിനോയി ജേക്കബിനെ സ്ഥലംമാറ്റുകയോ പുറത്താക്കുകയോ ചെയ്യണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഓഫിസിനു മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെത്തുടർന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം നിയോജകമണ്ഡലം പ്രസിഡൻറ് മാർട്ടിൻ പെരേര, നേമം നിയോജകമണ്ഡലം പ്രസിഡൻറ് സജീർ, ഭാരവാഹികളായ ഷെഫീഖ് താജുദീൻ, അസംബ്ലി സെക്രട്ടറി അച്ചു, അജയ്, വിപിൻ, പൂന്തുറ സുരേഷ്, സുൽഫി, സുരേഷ് പീറ്റർ എന്നിവർ നേതൃത്വം നൽകി. ബിനോയിയെ നേരത്തേ മുംബയിലേക്ക് സ്ഥലംമാറ്റിയെങ്കിലും ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. പിന്നീട് സ്റ്റേ റദ്ദാക്കിയെങ്കിലും സ്ഥലം മാറ്റിയില്ലെന്ന് സമരക്കാർ ആരോപിച്ചു. അതേസമയം, മാധ്യമങ്ങളോട് ബിനോയ് പ്രതികരിച്ചില്ല. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസിയാണ് എയർഇന്ത്യ സാറ്റ്‌സ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.