കിച്ചൺ ബിന്നുകളുടെ പരിപാലനത്തിന്​ സോഫ്​റ്റ്​വെയർ

തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സ്ഥാപിക്കുന്ന കിച്ചൺ ബിന്നുകളുടെ പരിപാലനം സോഫ്റ്റ്വെയർ ഉപയോഗിച്ച് അവലോകനംചെയ്യാൻ തീരുമാനം. വഞ്ചിയൂർ, ശാസ്തമംഗലം, നാലാഞ്ചിറ വാർഡുകളിൽ ആദ്യഘട്ടത്തിൽ സോഫ്റ്റ്വെയർ ഉപയോഗിക്കും. ശുചിത്വ പരിപാലനസമിതിയുടെ പേരിൽ വാട്സ്ആപ് ഗ്രൂപ് തുടങ്ങാനും കൗൺസിൽ തീരുമാനിച്ചു. കിച്ചൺ ബിന്നുകൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനാണിത്. ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് 12 സേവനദാതാക്കളെ െതരഞ്ഞെടുത്തു. 900 വീടുകൾക്ക് മൂന്ന് സാങ്കേതിക തൊഴിലാളികൾ, വാഹനം, സൂപ്പർവൈസർ, വീടുകളിൽ നിന്ന് ശേഖരിക്കുന്ന കമ്പോസ്റ്റ് സൂക്ഷിക്കുന്നതിന് സൗകര്യം തുടങ്ങിയ നിബന്ധനകളോടെയാണ് സർവിസ് പ്രൊവൈഡർമാരെ െതരഞ്ഞെടുത്തിരിക്കുന്നത്. സേവനങ്ങളിൽ പിഴവുവരുത്തുന്നവരുടെ അംഗീകാരം റദ്ദ് ചെയ്യുമെന്ന് കൗൺസിലിൽ വിഷയം അവതരിപ്പിച്ച ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ശ്രീകുമാർ പറഞ്ഞു. കിച്ചൺ ബിൻ പരിപാലനത്തിനും അജൈവ മാലിന്യ ശേഖരണത്തിനുമായി വീടൊന്നിന് 200 രൂപയും അജൈവ മാലിന്യം മാത്രം ശേഖരിക്കുന്നതിന് നൂറുരൂപയും യൂസർ ഫീസ് ആയി ഈടാക്കാനാണ് തീരുമാനം. ഈ തുക രസീത് നൽകി സർവിസ് പ്രൊവൈഡർമാരാണ് ശേഖരിക്കുക. സർവിസ് പ്രൊവൈഡർമാരെല്ലാം കടലാസ് സംഘടനകളാണെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. ബി.ജെ.പി അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് വിഷയം പാസാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.