പേപ്പർ ഉൽപന്ന കമ്പനിയിൽ തീപിടിത്തം; 50 ലക്ഷത്തിെൻറ നഷ്​ടം

കുന്നിക്കോട്: പേപ്പര്‍ ഉല്‍പന്നങ്ങള്‍ നിർമിക്കുന്ന കമ്പനിയില്‍ വന്‍ തീപിടിത്തം. 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. വെട്ടിക്കവല ചെങ്ങമനാട് പാതയില്‍ വൈദ്യുതി സബ് സ്റ്റേഷന് സമീപത്തെ തങ്കം ഡിസൈനേഴ്സ് കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. മിന്നലേറ്റ് വൈദ്യുതി സര്‍ക്ക്യൂട്ടില്‍ പിടിച്ച തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചതാണെന്ന് സംശയിക്കുന്നു. അഞ്ച് ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ അഞ്ച് മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു തീപിടിത്തം. കമ്പനിയുടെ സമീപത്തെ മുറിയിലുണ്ടായിരുന്ന ഇതര സംസ്ഥാനതൊഴിലാളിയാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് സമീപത്തെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പ്രദേശവാസികളെത്തി അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കൊട്ടാരക്കര ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഒരു യൂനിറ്റ് എത്തിയിട്ടും തീ അണക്കാന്‍ കഴിയാതെ വന്നതോടെ പുനലൂര്‍, ആവണീശ്വരം, കടയ്ക്കല്‍, കുണ്ടറ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ അഗ്നിശമനസേന സംഘമെത്തി. ഇവര്‍ പുലര്‍ച്ചെ മൂന്നോടെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കമ്പനിക്കുള്ളില്‍ അതിവേഗം തീ വ്യാപിച്ചതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ കഴിയാതെവന്നു. ഇത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കി. ബില്ലിങ് റോള്‍, ടിഷ്യുപേപ്പര്‍, ടോയ്ലറ്റ് പേപ്പര്‍ എന്നിവയാണ് ഇവിടെനിന്ന് ഉല്‍പാദിപ്പിച്ചിരുന്നത്. നിരവധിയന്ത്രങ്ങളും ഓഫിസും പേപ്പര്‍ റോളുകളും പൂര്‍ണമായും കത്തിനശിച്ചു. കൊട്ടാരക്കര തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദര്‍ശിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.