കെട്ടിട നിർമാണരംഗത്ത് ചുവടുറപ്പിച്ച് ഏരൂരിലെ തൊഴിലുറപ്പുകാർ

അഞ്ചൽ: കെട്ടിടനിർമാണ മേഖലയും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഏരൂർ ഗ്രാമപഞ്ചായത്തിലെ വനിതാ തൊഴിലുറപ്പ് തൊഴിലാളികൾ. ഭാരതീപുരം 10-ാം വാർഡിൽ നിർമിക്കുന്ന അംഗൻവാടി കെട്ടിടത്തി​െൻറ നിർമാണമാണ് വാർഡിലെ എൻ.ആർ.ഇ.ജി.എസ് തൊഴിലാളികൾ ഏറ്റെടുത്തിരിക്കുന്നത്. ഇവരെ സഹായിക്കുന്നതിന് രണ്ട് വിദഗ്ധ തൊഴിലാളികളുമുണ്ട്. വാനം തോണ്ടൽ, തലച്ചുമട്, കട്ട കെട്ട് , സിമ​െൻറ് കുഴയ്ക്കൽ മുതലായ എല്ലാ പണികളും ഇവരാണ് ചെയ്യുന്നത്. കെട്ടിടത്തി​െൻറ ഫൗണ്ടേഷൻ ബേസ്മ​െൻറ് പൂർത്തിയായിക്കഴിഞ്ഞു. തുടർന്ന് ഭിത്തി കെട്ട്, കോൺക്രീറ്റ്, സിമൻറ് തേപ്പ് പെയിൻറിങ് ഉൾപ്പെടെയുള്ള ജോലികളും ഇവർ തന്നെയാകും ചെയ്യുക. ഭാരതീപുരം വാർഡിലെ കിട്ടൻകോണത്താണ് കെട്ടിടനിർമാണം നടക്കുന്നത്. നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ മൂന്ന് സ​െൻറ് വസ്തുവിൽ കെട്ടിടം നിർമിക്കുന്നതിന് സാമൂഹികക്ഷേമ വകുപ്പിൽനിന്ന് അനുവദിച്ച രണ്ട് ലക്ഷത്തിന് പുറമേ, ബ്ലോക്ക് പഞ്ചായത്തി​െൻറ ആറരലക്ഷവും തൊഴിലുറപ്പ് പദ്ധതിയുടെ അഞ്ച് ലക്ഷവും ഉൾപ്പെടെ പതിമൂന്നരലക്ഷം രൂപയാണ് ഇതി​െൻറ അടങ്കൽ തുക. നിർമാണത്തൊഴിലാളികളുടെ ദൗർലഭ്യം കാരണം അനിശ്ചിതത്വത്തിലായിരുന്ന നിർമാണം ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഏതാനും പുരുഷന്മാരുമടങ്ങുന്ന ഇരുപത് തൊഴിലാളികളാണ് നിർമാണത്തിലേർപ്പെട്ടിരിക്കുന്നത്. വാർഡ് അംഗം കൊച്ചുമ്മച്ചനും മേറ്റായ സുജയുമാണ് ഇവർക്ക് നേതൃത്വം നൽകുന്നത്. സമയബന്ധിതമായി പണി പൂർത്തിയാക്കാമെന്ന വിശ്വാസത്തിലാണ് തൊഴിലാളികളും ഉേദ്യാഗസ്ഥരും ജനപ്രതിനിധികളും. ഇത് പൂർത്തിയായാൽ പഞ്ചായത്തിലെ മറ്റ് നിർമാണ പ്രവൃത്തികളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത് തീർക്കാമെന്ന വിശ്വാസത്തിലാണ് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ പത്ത് വർഷമായി തൊഴിലുറപ്പ് മേഖലയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന പഞ്ചായത്താണ് ഏരൂർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.