വര്‍ക്കല: കാപ്പിൽ ടൂറിസം വികസനത്തിൽ മാനംമുട്ടെ പ്രതീക്ഷകൾ നൽകിയ പ്രിയദര്‍ശിനി ബോട്ട് ക്ലബ് ഊർധ്വശ്വാസം വലിക്കുന്നു. ബോട്ടുകളെല്ലാം ജീർണിച്ചും ദ്രവിച്ചും കാപ്പില്‍ പാലത്തിനടിയിലും സമീപത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്. ആകെയുള്ള പ്രതീക്ഷ കെ.ടി.ഡി.സിയുടെ കാപ്പില്‍ ടൂറിസം വികസനപദ്ധതിയാണ്. ബോട്ട് ക്ലബിന് സമീപം പദ്ധതി ആരംഭിക്കാനായാൽ കാപ്പിലിെൻറ ടൂറിസം വികസനത്തിന് പ്രതീക്ഷയാകും. തൽഫലമായി ബോട്ട് ക്ലബിെൻറ നവീകരണവും സാധ്യമാകും. ആവശ്യമായ ബോട്ടുകളില്ലാത്തതിനാല്‍ ബോട്ട് ക്ലബ് സഞ്ചാരികൾക്ക് മുന്നിൽ നോക്കുകുത്തിയായിട്ട് കാലങ്ങളായി. 15 വർഷം മുമ്പ് സ്പീഡ്, സ്‌കൂട്ടര്‍, സഫാരി, റോയിങ്, പെഡല്‍, ഡിങ്കി എന്നീ വിഭാഗങ്ങളിലായി 22 ബോട്ടുകളുമായിട്ടായിരുന്നു ബോട്ട് ക്ലബ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാൽ, ഇന്ന് ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു സഫാരി ബോട്ട് മാത്രമാണുള്ളത്. ആദ്യവര്‍ഷങ്ങളില്‍ വിദേശികളുൾപ്പെടെ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തിയിരുന്നു. ബോട്ടുകള്‍ കേടായും ഫിറ്റ്‌നസ് ലഭിക്കാതെയും കരയ്ക്ക് കയറ്റിയതോടെ പ്രവർത്തനവും താളംതെറ്റി. തട്ടേക്കാട് ബോട്ടപകടത്തെത്തുടര്‍ന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് കാലപ്പഴക്കംചെന്ന ബോട്ടുകള്‍ നീറ്റിലിറക്കാന്‍ കഴിയാതെയായത്. അറ്റകുറ്റപ്പണി നടത്തി ഇവ പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ ശ്രമിച്ചതുമില്ല. തീരസുരക്ഷക്കായി അനുവദിച്ച പൊലീസ് ബോട്ട്, എയര്‍ഫോഴ്സിെൻറ ബോട്ട് എന്നിവയും കട്ടപ്പുറത്താണ്. വേനലവധിയാകുന്നതോടെ ആഭ്യന്തര വിനോദസഞ്ചാരികളും വിദ്യാര്‍ഥിസംഘങ്ങളും ഇവിടെ ബോട്ട് സവാരിക്കെത്തുന്നുണ്ട്. ഒരു ബോട്ട് മാത്രമുള്ളതിനാല്‍ പലരും നിരാശരായി മടങ്ങുകയാണ്. മണിക്കൂറിന് 1000 രൂപയും അരമണിക്കൂറിന് 600 രൂപയുമാണ് നിരക്ക്. അതേസമയം, കായലിെൻറ മറുകരയില്‍ സ്വകാര്യ ബോട്ട് ക്ലബ് കൂടുതല്‍ ബോട്ടുകളുമായി സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കൂടിയ നിരക്കാണിവിടെ ഈടാക്കുന്നത്. ബോട്ട് ക്ലബിൽ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് വിവിധ വികസനപദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിവാദങ്ങളിൽ മുടങ്ങി. സർക്കാർ മാറിയപ്പോൾ പഴയ വികസനപദ്ധതികൾ തുടരാൻ അധികൃതർ നിർബന്ധിതരാവുകയും ക്ലബ് ജീവൻ വീണ്ടെടുക്കുകയും ചെയ്തു. ഇപ്പോൾ കാപ്പില്‍ ടൂറിസം വികസനപദ്ധതിയുടെ നിര്‍മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. സഞ്ചാരികളെ ആകര്‍ഷിക്കുന്നരീതിയില്‍ തയാറാകുന്ന പദ്ധതിക്കൊപ്പം ബോട്ട് ക്ലബും മുന്നോട്ട് കുതിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.