മകനെ നോക്കാൻ രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട നഴ്സിനെ പിരിച്ചുവിട്ടു ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമീഷൻ കേസ്​

തിരുവനന്തപുരം: സെറിബ്രൽ പാൾസി രോഗം ബാധിച്ച മകനെ നോക്കാൻ നഴ്സിന് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കുന്നതിനു പകരം ജീവനക്കാരിയെ പിരിച്ചുവിട്ട ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. ആലപ്പുഴ ജില്ല ലേബർ ഓഫിസറും ആശുപത്രി അധികൃതരും ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിട്ടു. കായംകുളത്തെ സ്വകാര്യാശുപത്രിയാണ് നഴ്സ് എസ്. ബിനീതയെ പിരിച്ചുവിട്ടത്. ഓൺലൈൻ മാധ്യമം നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമീഷൻ നടപടി. ബിനീതക്ക് പകൽ ജോലി നൽകണമെന്ന് കമീഷൻ ആലപ്പുഴ ജില്ല ലേബർ ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. ബിനീത ജോലിക്ക് പോകുമ്പോൾ 12 വയസ്സുള്ള മകനെ നോക്കിയിരുന്നത് മാതാവാണ്. പ്രായാധിക്യം കാരണം മാതാവിന് മകനെ നോക്കാൻ സാധിക്കാതെ വന്നപ്പോഴാണ് രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമീഷനെ സമീപിച്ചത്. ഓട്ടോ ഡ്രൈവറാണ് പരാതിക്കാരിയുടെ ഭർത്താവ്. കേസ് ആലപ്പുഴയിൽ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.