പത്തനാപുരം: തിരക്കേറിയ കെ.പി റോഡിന് സമാന്തരമായുള്ള റെയില്‍വേ പാതയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. കായംകുളത്തുനിന്ന് കറ്റാനം, ചാരുംമൂട്, നൂറനാട്, അടൂര്‍ വഴി പത്തനാപുരം വരെ റെയില്‍പാത സ്ഥാപിക്കാന്‍ 2006ലാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2009 മാര്‍ച്ചിനു മുമ്പ് സര്‍വേ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നതാണ്. കായംകുളം, കറ്റാനം, ചാരുംമൂട്, അടൂര്‍, ഏനാത്ത് വഴി കൊല്ലം ചെങ്കോട്ട പാതയിലെ പത്തനാപുരം ആവണീശ്വരം റെയില്‍വേ സ്റ്റേഷനുമായി യോജിപ്പിക്കുന്നതായിരുന്നു നിര്‍ദിഷ്ട റെയില്‍വേ പാത. ഇതുവഴി റെയില്‍പാത വന്നാല്‍ ദിനംപ്രതി വർധിച്ചുവരുന്ന കെ.പി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയുമെന്നായിരുന്നു വിലയിരുത്തൽ. കൂടാതെ, ഇൗ പാത റെയില്‍വേക്ക് ചരക്ക് നീക്കത്തിലൂടെയും യാത്രാക്കൂലിവഴിയും വലിയ വരുമാനം ഭാവിയില്‍ ലഭിക്കുന്നതിന് കാരണമാകുമെന്ന് മുന്‍ തിരുവനന്തപുരം ഡിവിഷനല്‍ മാനേജറായിരുന്ന ഡോ. ജി. നാരായണന്‍ അധികൃതരെ അറിയിച്ചിരുന്നതുമാണ്. തുടര്‍ന്ന് രണ്ടുതവണ പാതക്കായി സര്‍വേ നടത്തിയിരുന്നു. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയായിരുന്നു ഇത്. തമിഴ്‌നാട്ടില്‍നിന്ന് ആര്യങ്കാവ് വഴി പുനലൂര്‍ -മൂവാറ്റുപുഴ--കായംകുളം സംസ്ഥാന പാതകളിലൂടെയാണ് ഇപ്പോള്‍ ചരക്ക് ഗതാഗതം നടക്കുന്നത്. വലിയവാഹനങ്ങളുടെ സഞ്ചാരം മൂലം വന്‍ ഗതാഗതക്കുരുക്കും റോഡുകളുടെ തകര്‍ച്ചയും പതിവാണ്. ആയിരം ലോറികള്‍ പ്രതിദിനം തമിഴ്‌നാട്ടില്‍ നിന്ന് ആര്യങ്കാവ് വഴി സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇവയില്‍ അഞ്ഞൂറോളം ലോറികള്‍ സിമൻറും മുന്നൂറെണ്ണത്തോളം പച്ചക്കറിയും, ബാക്കി തടിയും മറ്റും വഹിക്കുന്നതാെണന്നുമാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കായംകുളം പത്തനാപുരം തീവണ്ടിപ്പാത സാധ്യമായാല്‍ തമിഴ്‌നാടിനെയും തീര ജില്ലയായ ആലപ്പുഴയെയും ബന്ധിപ്പിച്ച് ചരക്ക് ഗതാഗതവും സുഗമമാക്കാം. ശബരി റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചപ്പോള്‍ കായംകുളം-അടൂര്‍-കൊട്ടാരക്കര പാതയോ ചെങ്ങന്നൂര്‍-പന്തളം-അടൂര്‍ -കൊട്ടാരക്കര തിരുവനന്തപുരം പാതയോ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്. കേരളത്തില്‍നിന്നുള്ള നിര്‍ദിഷ്ട പാത കടന്നുപോകുന്ന സ്ഥലങ്ങളെ പ്രതിനിധാനം ചെയ്യുന്ന എം.പിമാര്‍ ഇതു വീണ്ടും റെയില്‍വേ മന്ത്രിയോട് ഉന്നയിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.