കുട്ടികളിലെ ഹൃദ്രോഗ ചികിത്സക്ക് പ്രത്യേക പദ്ധതി- മന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരം: കുട്ടികളിലെ ഹൃദ്രോഗം നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കുന്നതിന് പ്രത്യേക പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ജന്മനായുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക ഹൃദയദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇതില്‍ രജിസ്റ്റർ ചെയ്യുന്ന കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതിനായി സ്വകാര്യ ആശുപത്രികളെയും സഹകരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിൽ മികച്ച ഹൃദ്രോഗ ചികിത്സ ഉറപ്പാക്കും. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി ഭക്ഷണത്തിലും വ്യായാമത്തിലും എല്ലാവരും ശ്രദ്ധിക്കണം. അനാവശ്യമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹൃദയത്തെ ദുര്‍ബലമാക്കും. അത് രക്തത്തിെൻറ ചംക്രമണത്തെ തടസ്സപ്പെടുത്തും. ചെറിയ പ്രായത്തിലുള്ള കുട്ടികളില്‍ പോലും ഹൃദ്രോഗം കണ്ടുവരുന്നത് ആശങ്കജനകമാണ്. ഹൃദ്രോഗം കണ്ടെത്തിയാല്‍ മതിയായ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മദ്, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥന്‍, കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എ. ജോര്‍ജ് കോശി എന്നിവര്‍ സംസാരിച്ചു. നാനൂറോളം ആളുകള്‍ ഇതോടൊപ്പം നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. സൗജന്യ ഹൃദയ പരിശോധന, കൊളസ്‌ട്രോള്‍ പ്രൊഫൈല്‍ പരിശോധന, രക്തത്തിലെ പ്രമേഹ നിര്‍ണയം, ഇ.സി.ജി. പരിശോധന എന്നിവ മെഡിക്കല്‍ ക്യാമ്പില്‍ സജ്ജമാക്കിയിരുന്നു. ഹൃദയാരോഗ്യത്തെപ്പറ്റി വിദഗ്ധ ഡോക്ടര്‍മാര്‍ ക്ലാസുകളെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.