കാവനാട്: മട്ടുപ്പാവിലെ കൃഷിക്കാവശ്യമായ ജലം തിരിനന സംവിധാനത്തിലൂടെ ലഭ്യമാക്കി കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് വള്ളിക്കീഴ് സ്വദേശി എൻ. സുന്ദരേശൻ. കൗതുകത്തിന് തുടങ്ങിയ കൃഷി ഇപ്പോൾ മട്ടുപ്പാവിലാകെ പടർന്ന് പന്തലിച്ച് കിടക്കുകയാണ്. വള്ളിക്കീഴ് ലാൽ എൻജിനീയറിങ് വർക്ക്ഷോപ് ഉടമയായ പുതുവൽ വീട്ടിൽ സുന്ദരേശൻ രണ്ടു വർഷം മുമ്പാണ് ടെറസിൽ കൃഷി ആരംഭിച്ചത്. വാഴകൃഷിയിലായിരുന്നു തുടക്കം. ആദ്യം പഴയ വാട്ടർ ടാങ്കുകൾ വാങ്ങി മുറിച്ചെടുത്താണ് മട്ടുപ്പാവിൽ വാഴകൃഷി ചെയ്തിരുന്നത്. വാഴകൾ നല്ല രീതിയിൽ പഴങ്ങൾ നൽകിയെങ്കിലും വീടിന് മുകളിൽ വലിയ ഭാരം വെക്കുന്നത് ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ വാഴകൃഷി മതിയാക്കി പച്ചക്കറി കൃഷിയിലേക്ക് ശ്രദ്ധ തിരിച്ചു. തുടർന്നാണ് തിരിനനയെക്കുറിച്ച് അറിയുന്നത്. ഒരു തുള്ളി വെള്ളം പോലും പാഴാകാതെ ചെടിയുടെ വളർച്ചക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്ന നൂതന പദ്ധതിയായ തിരിനന മട്ടുപ്പാവിൽ ഒരുക്കുകയായിരുന്നു. ശക്തികുളങ്ങര കൃഷിഭവെൻറ ആഭിമുഖ്യത്തിലാണ് തിരിനനക്കുള്ള സംവിധാനം തയാറാക്കിയത്. ജില്ലയിൽ ആദ്യമായി തിരിനന ആരംഭിച്ചതും ഇവിടെയാണ്. മൂന്ന് ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പുകളിൽ തുളയിടുകയും ഈ തുളകളിൽ 15 സെൻറിമീറ്ററോളം നീളവും ഒരുവിരലിെൻറ ഘനവുമുള്ള തിരി കടത്തുകയും തിരിയുടെ മറ്റേ അറ്റം ചെടി നട്ടിരിക്കുന്ന ഗ്രോബാഗിെൻറ അടിഭാഗത്ത് ദ്വാരമിട്ട് മണ്ണുമായി ബന്ധിപ്പിച്ചാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കൃഷി ഒാഫിസിൽനിന്ന് ലഭ്യമാക്കിയ ഫൈബർ നാരുകളാണ് തിരി തയാറാക്കാൻ ഉപയോഗിച്ചത്. പൈപ്പിെൻറ ഒരു ഭാഗത്ത് കൂടി ഒഴിച്ചു കൊടുക്കുന്ന വെള്ളം ആവശ്യമായ തോതിൽ തിരിയിലൂടെ ചെടിതന്നെ വലിച്ചെടുത്താണ് വളരുന്നത്. പ്ലാസ്റ്റിക് പൈപ്പിന് കോട്ടം തട്ടാതിരിക്കാൻ പൈപ്പിന് സമീപം ചുടുകട്ടകൾവെച്ച് അതിൻമേലാണ് ഗ്രോ ബാഗുകൾ നിരത്തിയിട്ടുള്ളത്. ചെടികൾക്ക് 24 മണിക്കൂറും വെള്ളം കിട്ടുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. ജല ഉപയോഗം വളരെ കുറവാണ്. എപ്പോഴും വെള്ളം ലഭിക്കുമെന്നതിനാൽ തൈകൾക്ക് നല്ല കരുത്തും വിളവും ലഭിക്കുമെന്ന് സുന്ദരേശൻ പറയുന്നു. ഒരു തുള്ളി വെള്ളം പോലും പുറത്തേക്ക് പോകാത്തതിനാൽ ടെറസിന് ചോർച്ചയും ഉണ്ടാകില്ല. മഴയിൽനിന്ന് രക്ഷനേടാനായി മഴ മറയും ഇവിടെ ഒരുക്കിയിട്ടുണ്ട്. തിരി നനയെയും മട്ടുപ്പാവ് കൃഷിയെയും കുറിച്ച് അറിയാൻ ധാരാളം പേർ വീട്ടിലെത്താറുണ്ട്. പഴുത്ത് നിൽക്കുന്ന ഓറഞ്ചും ഷമാമും തണ്ണിമത്തനും മട്ടുപ്പാവ് കൃഷിയിലെ വേറിട്ട കാഴ്ചയാണ് ഇവിടെ നൽകുന്നത്. വെള്ളരി, തക്കാളി, ഇഞ്ചി, പച്ചമുളക്, പാവൽ, ചീര, അമര, കറിവേപ്പില തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും മട്ടുപ്പാവിൽ വിളയുന്നുണ്ട്. ഭാര്യ ശോഭയും മക്കളും മരുമക്കളും എല്ലാം കൃഷിയിൽ സഹായിക്കുന്നു. ശക്തികുളങ്ങര കൃഷിഭവൻ പരിധിയിൽ 2017ലെ മികച്ച കർഷകനായി കൃഷി ഭവൻ തെരഞ്ഞെടുത്തത് സുന്ദരേശനെയാണ്. കാർഷികദിനത്തിൽ ഉപഹാരം നൽകി കൃഷിഭവൻ ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.