കോവളം: 'പെൺകുഞ്ഞിനൊരു പൊതിച്ചോറ് പെൺകുട്ടിക്കൊരു കൈത്താങ്ങ്' പദ്ധതിയുമായി വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ഈ വർഷം ജനുവരി ഒന്നിനും ആഗസ്റ്റ് 30നും ഇടക്ക് ജനിച്ച 168 പെൺകുട്ടികൾക്ക് കേന്ദ്ര സർക്കാറിെൻറ സുകന്യ സമൃദ്ധി യോജന സമ്പാദ്യപദ്ധതിയിൽ ആദ്യനിക്ഷേപമായ 1000 രൂപ നൽകുന്നതാണ് പദ്ധതി. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് അധികൃതർ ജനങ്ങളുടെ സഹായം അഭ്യർഥിച്ചു. 19, 22, 26 തീയതികളിൽ ഒരുപൊതിച്ചോറ് നൽകി പദ്ധതിയിൽ ജനങ്ങൾക്കും പങ്കാളികളാകാമെന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് വെങ്ങാനൂർ സതീഷ് പറഞ്ഞു. പദ്ധതിക്കാവശ്യമായ 1,68,000 രൂപക്കായി ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശത്തെയും വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ അമ്പതോളം ഓഫിസുകളിലെ ജീവനക്കാരോട് ഒരുദിവസം ഉച്ചഭക്ഷണത്തിന് ഹോട്ടലിൽ ചെലവിടുന്ന 100 രൂപയാണ് ആവശ്യപ്പെടുന്നത്. ഭക്ഷണം അംഗൻവാടി വർക്കർമാരുടെ നേതൃത്വത്തിൽ വീടുകളിൽനിന്ന് സമാഹരിക്കും. ഗ്രാമപഞ്ചായത്ത് സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ ഇത് ഉച്ചക്ക് ഒന്നിനു മുമ്പ് സ്ഥാപനങ്ങളിൽ നൽകി തുക വാങ്ങുകയാണ് ചെയ്യുക. ഇങ്ങനെ 1000 പൊതിച്ചോറിലൂടെ ഒരുലക്ഷം രൂപയാണ് ലക്ഷ്യമെന്ന് പ്രസിഡൻറ് ജി.എസ്. ശ്രീകല പറഞ്ഞു. ബാലസൗഹൃദ തദ്ദേശഭരണ പ്രാരംഭപ്രവർത്തനത്തിന് തുടക്കമിടുന്ന ഇൗമാസം 30ന് ആദ്യനിക്ഷേപം അടച്ചതിെൻറ പാസ്‌ബുക്ക് അമ്മമാർക്ക് കൈമാറും. ഇതോടൊപ്പം വിവിധ പരിപാടികളും ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8301870991 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.