പരവൂർ: പൊലീസിനും ആഭ്യന്തരവകുപ്പിനുമെതിരെ പരവൂരിൽ പ്രതിഷേധം ശക്തമാകുന്നു. വിവിധ കേസുകളിലെ പരവൂർ പൊലീസിെൻറ കൃത്യവിലോപത്തിലുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിലും വളരുകയാണ്. സി.പി.എമ്മാണ് ഈ പ്രതിഷേധങ്ങൾക്ക് മുന്നിൽ. ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിെൻറ ആഭിമുഖ്യത്തിൽ നടത്തിയ ശോഭായാത്രയിൽ കൊലപാതകക്കേസിലെ പ്രതികളടക്കമുള്ളവർ പങ്കെടുത്തതിനെക്കുറിച്ചുള്ള പരാമർശങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധമുണ്ടാക്കിയത്. കൊലപാതകക്കേസിലെ പ്രതികളടക്കം ശോഭായാത്രക്ക് നേതൃത്വം കൊടുത്തിട്ടും പൊലീസ് കൈയുംകെട്ടിനിൽക്കുകയും അവർക്ക് അകമ്പടിസേവിക്കുകയും ചെയ്തതായാണ് ആക്ഷേപം. പൊലീസിനെയും ആഭ്യന്തരവകുപ്പിനെയും വിമർശിക്കുന്ന പോസ്റ്റുകളധികവും സി.പി.എം നേതാക്കളുടെ തന്നെയാണ്. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദിനെതിരെയാണ് കൂടുതൽ രോഷപ്രകടനം. പേരെടുത്തുപറഞ്ഞാണ് ശക്തമായ ആക്ഷേപങ്ങൾ. ഡി.വൈ.എഫ്.െഎ മേഖല കമ്മിറ്റി സെക്രട്ടറിയടക്കം ഇത്തരം പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ചാത്തന്നൂർ എ.സി.പിയുടെ പരിധിയിലുള്ള എല്ലാ സ്റ്റേഷനുകളിലും ആർ.എസ്.എസ്, ബി.ജെ.പി പ്രീണനമാണ് നടക്കുന്നതെന്ന് ആരോപണമുയരുന്നിട്ടുണ്ട്. പൂതക്കുളത്ത് ബി.ജെ.പി-സി.പി.എം സംഘർഷം നടന്നപ്പോഴും പൊലീസിനെതിരെ സി.പി.എം പ്രതിഷേധം ഉയർത്തിയിരുന്നു. ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വത്തിെൻറ നിർദേശപ്രകാരം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വീടുകയറി ഭീഷണിപ്പെടുത്തുകയും ആർ.എസ്.എസിെൻറ പ്രവർത്തനം പരവൂർ പൊലീസ് ഏറ്റെടുക്കുകയും ചെയ്യുന്നതായി അന്ന് സി.പി.എം ആരോപിച്ചിരുന്നു. പുക്കുളം സൂനാമി ഫ്ലാറ്റിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് കൊടുത്ത നിരവധിപരാതികളിൽ ഒന്നിൽപോലും ഫലപ്രദമായ അന്വേഷണം നടത്തിയില്ലെന്ന് സി.പി.എം നേതാക്കൾ ആരോപണമുന്നയിച്ചിരുന്നു. സൂനാമി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് കഞ്ചാവു വിൽപനയടക്കം നടന്നിട്ടും പരാതികൾ പൊലീസ് അവഗണിക്കുകയാണെന്നും ആരോപണങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.