സാംസ്‌കാരികസമ്പന്നത വിളിച്ചറിയിച്ച് ഘോഷയാത്ര

ആറ്റിങ്ങല്‍: കേരളത്തി​െൻറ സാംസ്‌കാരികസമ്പന്നതയും വര്‍ത്തമാനകാല വിഷയങ്ങളിലെ പുരോഗമന നിലപാടുകളും വിളിച്ചറിയിച്ച് വർണാഭമായ ഘോഷയാത്ര. രണ്ടാഴ്ച നീണ്ട ആറ്റിങ്ങല്‍ നഗരസഭയുടെ ഓണാഘോഷ സമാപനത്തി​െൻറ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. പ്രതികൂലകാലാവസ്ഥയെയും അതിജീവിച്ചാണ് സാംസ്‌കാരികഘോഷയാത്ര നഗരത്തിലൂടെ കടന്നുപോയത്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്, യു.പിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം, കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിം തുടങ്ങിയ വിഷയങ്ങള്‍ നിശ്ചലദൃശ്യങ്ങള്‍ക്ക് വിഷയമായി. കേരളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും സാംസ്‌കാരികപൈതൃകവും ഘോഷയാത്രയുടെ മാറ്റുകൂട്ടി. ജൈവപച്ചക്കറി കൃഷിയും മാലിന്യസംസ്‌കരണത്തി​െൻറയും ശുചിത്വത്തി​െൻറയും പ്രാധാന്യം കാഴ്ചക്കാരില്‍ സൃഷ്ടിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടന്നിട്ടുണ്ട്. ആറ്റിങ്ങല്‍ ഐ.ടി.ഐ ജങ്ഷനില്‍നിന്ന് വൈകീട്ട് 4.30 ഓടെ ആരംഭിച്ച ഘോഷയാത്ര ഒരു പോയൻറ് കടക്കാന്‍ രണ്ടു മണക്കൂറിലധികം സമയമെടുത്തു. ഘോഷയാത്രയുടെ മുന്‍നിര ടൗണ്‍ഹാളില്‍ സമാപിച്ചപ്പോഴും ഐ.ടി.ഐയുടെ മുന്നില്‍നിന്ന് അവസാനഭാഗം പുറപ്പെട്ടിരുന്നില്ല. മഴചാറ്റലുണ്ടായിരുന്നിട്ടും ഘോഷയാത്ര കാണാന്‍ ദേശീയപാതയുടെ ഇരുവശവും നൂറുകണക്കിന് ജനം തിങ്ങിക്കൂടിയിരുന്നു. ഏഴ് മണിയോടെ ആറ്റിങ്ങല്‍ ടൗണ്‍ഹാളില്‍ ഘോഷയാത്ര സമാപിച്ചു. മുന്‍നിരയില്‍ കുട്ടികളുടെ റോളര്‍ സ്‌കേറ്റിങ് പ്രകടനമായിരുന്നു. പിന്നിലായി പഞ്ചവാദ്യം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ, മാവേലിവേഷം എന്നിവ അണിനിരന്നു. തൊട്ടുപിന്നില്‍ ഓണാഘോഷ ഘോഷയാത്രാ ബാനറും ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങളും കൗണ്‍സിലര്‍മാരും പൗരപ്രമുഖരും കടന്നുവന്നു. തുടര്‍ന്ന് തെയ്യം, കഥകളി വേഷം, കുതിര കളി, ചെണ്ടമേളം, മയിലാട്ടം, തമ്പോല, ചെണ്ടമേളം, കേരളീയ വേഷം ധരിച്ച വനിതകൾ, കഥകളി, പുലികളി, വിവിധ കൗതുക വേഷങ്ങള്‍ തുടങ്ങിയവ നിരന്നു. ആറ്റിങ്ങലിലെ വിദ്യാഭ്യാസസ്ഥാപനങ്ങളായ വിദ്യാധിരാജ എച്ച്.എസ്.എസ്, സി.എസ്.ഐ എച്ച്.എസ്.എസ്, ബോയിസ് എച്ച്.എസ്.എസ്, ഗേള്‍സ് എച്ച്.എസ്.എസ്, അവനവഞ്ചേരി എച്ച്.എസ്, പരവൂര്‍ക്കോണം എൽ.പി.എസ്, നവഭാരത് എച്ച്.എസ്.എസ്, കുന്നുവാരം യു.പി.എസ്, ഡയറ്റ്, ജയ് ഭാരത്, ഐ.ടി.ഐ ശ്രീപാദം സ്‌പോര്‍ട്‌സ് ഹോസ് റ്റൽ, ഗവ. പോളിടെക്‌നിക് കോളജ്, ആറ്റിങ്ങല്‍ കോളജ് ഓഫ് എൻജിനീയറിങ്, വിവിധ വിദ്യാലയങ്ങളിലെ എൻ.സി.സി, എന്‍.എസ്.എസ്, സ്‌ക്കൗട്ട്‌സ് ആൻഡ് ഗെയിംസ്, ജെ.ആർ.സി വളൻറിയര്‍മാര്‍ എന്നിവരും സാന്നിധ്യമറിയിച്ചു. മുത്തുക്കുട, കോൽക്കളി, കൈകൊട്ടിക്കളി, തിരുവാതിര, ദഫ്മുട്ട്, കരിയില മാടൻ തുടങ്ങി നിരവധി കലാരൂപങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു. വിദ്യാലയങ്ങളില്‍ നിന്നെല്ലാം കാലിക പ്രസക്തിയുള്ള ഫ്ലോട്ടുകളും ഉണ്ടായിരുന്നു. ബ്ലൂവെയില്‍ നീരാളിപ്പിടിത്തം സംബന്ധിച്ച് മൂന്നു ഫ്ലോട്ടുകളും ഗൗരി ലങ്കേഷി​െൻറ വധം സംബന്ധിച്ച് രണ്ട് ഫ്ലോട്ടും ശ്രദ്ധ നേടി. മരം ഒരു വരം, ജൈവ പച്ചക്കറികൃഷി, ഉറവിട മാലിന്യ സംസ്‌കരണം, ഇ സാക്ഷരത, വൈദ്യുത അപകടങ്ങൾ, വാഹന നിയമലംഘനം, കതിരന്നൂര്‍ വീരന്‍ തുടങ്ങിയ ഫ്ലോട്ടുകളും ശ്രദ്ധേയമായി. കുടുംബശ്രീ, വിവിധ റസിഡൻറ്സ് അസോസിയേഷനുകൾ, വ്യാപാരി-വ്യവസായികള്‍, കെ.എസ്.ഇ.ബി, സാക്ഷരത മിഷൻ, അംഗന്‍വാടി, നഗരസഭ, പൊലീസ് തുടങ്ങിയവയുടെ ഫ്ലോട്ടുകളും ജനശ്രദ്ധ പിടിച്ചുപറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.