തിരുവനന്തപുരം: റീജനല്‍ കാന്‍സര്‍ സെൻററില്‍ ചികിത്സയിലുള്ള ബാലികക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ചികിത്സക്കിടെയാണ് എച്ച്.ഐ.വി ബാധിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷാകർത്താക്കള്‍ പൊലീസിനും ഉന്നത അധികൃതര്‍ക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കി. രക്താര്‍ബുദബാധയെത്തുടര്‍ന്ന്‍ ചികിത്സ തേടിയ ആലപ്പുഴ സ്വദേശിയായ ബാലികക്കാണ് എച്ച്.ഐ.വി ബാധിച്ചതായി രക്തപരിശോധനയിൽ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് രക്താര്‍ബുദബാധയെത്തുടർന്ന് ബാലികയെ വിദഗ്ധ ചികിത്സക്കായി ആർ.സി.സിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി കുട്ടിക്ക് കീമോതെറപ്പിയും റേഡിയേഷനും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കൗണ്ട് കുറഞ്ഞതിനാല്‍ കുട്ടിക്ക് രക്തം നല്‍കിയിരുന്നു. ഇൗ സമയത്താണ് എച്ച്.ഐ.വി ബാധിച്ചതെന്നാണ് രക്ഷാകർത്താക്കളുടെ ആരോപണം. ആര്‍.സി.സിയില്‍ നടത്തിയ രക്തസാമ്പിള്‍ പരിശോധനയില്‍ തന്നെയാണ് എച്ച്.ഐ.വി ബാധ കണ്ടെത്തിയത്. മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിലും എച്ച്.ഐ.വി സ്ഥിരീകരിച്ചു. ആര്‍.സി.സിയില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്പ് കുട്ടിയുടെ രക്തസാമ്പിളുകള്‍ പലതവണ പരിശോധിച്ചിരുന്നതായും അപ്പോഴൊന്നും എച്ച്.ഐ.വി കെണ്ടത്തിയിരുന്നില്ലെന്നും രക്ഷാകർത്താക്കള്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ആര്‍.സി.സിയില്‍ ദാതാക്കളുടെയും രോഗികളുടെയും രക്തസാമ്പിളുകള്‍ കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കാറുണ്ടെന്നും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് രക്തകൈമാറ്റം നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.