തിരുവനന്തപുരം: നെയ്യാറ്റിൻകര മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ ജലേസ്രാതസ്സുകളുടെ നവീകരണത്തിനും കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും പ്രത്യേക വികസനഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് കെ. ആൻസലൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം സംബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അടിയന്തര യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. കുളത്തൂർ, ചെങ്കൽ, തിരുപുറം, കാരോട് പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് എം.എൽ.എ അറിയിച്ചു. മേഖലയിലെ നിർദിഷ്ട കുടിവെള്ള പദ്ധതികളായ കുളത്തൂർ, കാരോട്, ചെങ്കൽ പദ്ധതിയും അതിയന്നൂർ, കോട്ടുകാൽ പദ്ധതിയും നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര മണ്ഡലത്തിലെ കുടിവെള്ളക്ഷാമം സംബന്ധിച്ച വിശദമായ റിപ്പോർട്ട് രണ്ടുദിവസത്തിനകം സമർപ്പിക്കണമെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് കലക്ടർ ഡോ. കെ. വാസുകി നിർദേശം നൽകി. കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ കിയോസ്കുകൾ സ്ഥാപിച്ച് വെള്ളമെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. തണ്ണീർത്തട പരിപാലനത്തിലും ജലേസ്രാതസ്സുകളുടെ സംരക്ഷണത്തിലും ഊന്നിയ നടപടികളാണ് ആവശ്യമെന്നും അവർ അഭിപ്രായപ്പെട്ടു. യോഗത്തിൽ റവന്യൂ, ജലവിഭവ, ജലസേചന, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.