വർധിപ്പിച്ച ടോൾപിരിവ് പിൻവലിക്കണം -മന്ത്രി തിരുവനന്തപുരം: പാലിയേക്കര ദേശീയപാതയിലെ ടോൾ വർധന പിൻവലിക്കണമെന്ന് മന്ത്രി ജി. സുധാകരൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. പാലിയേക്കര ടോൾ പിരിവിൽ വർധന വരുത്തിയതായി പത്രങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം. ടോൾ പിരിവ് ഏറ്റെടുത്തിട്ടുള്ള കമ്പനി കരാറിൽ പറയുന്ന മറ്റു കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്ന് മന്ത്രി ഓർമിപ്പിച്ചു. ടോൾ നിരക്കു കൂട്ടുന്നതു മാത്രമല്ല കരാർ വ്യവസ്ഥ. ദേശീയപാത നല്ല രീതിയിൽ പരിപാലിക്കുന്നതിനും ആവശ്യമായ പണികൾ ചെയ്യുന്നതിനും ബാധ്യസ്ഥരാണ്. ഈ ഉത്തരവാദിത്തം കമ്പനി നിറവേറ്റിയില്ലെന്ന് പൊതുജനത്തിന് ശക്തമായ ആക്ഷേപമുണ്ട്. കേരള സർക്കാർ നടത്തി വന്നിരുന്ന ടോൾ പിരിവുകളിൽ പകുതിയോളം ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിർത്തലാക്കി. പുതുതായി നിർമിക്കുന്ന റോഡുകൾക്ക് ടോൾ പിരിക്കേണ്ടതില്ല എന്നാണ് സർക്കാറിെൻറ നയം. ടോൾ പിരിവ് കരാറെടുക്കുന്ന കമ്പനികൾക്ക് വൻലാഭം ഉണ്ടാക്കുന്ന വ്യവസ്ഥകളാണ് ദേശീയപാത അതോറിറ്റി കരാറിൽ ഉൾപ്പെടുത്തിയിട്ടുളളത്. ഇപ്പോൾതന്നെ കരാർ കമ്പനി വൻതുക പിരിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമായി പരിശോധിക്കുന്നതിന് ഒരു വ്യവസ്ഥയുമില്ല. ഇക്കാര്യങ്ങൾ അടിയന്തരമായി പരിശോധിച്ച് കരാർ കമ്പനികൾക്ക് വൻലാഭം ഉണ്ടാക്കുന്നവിധം ടോൾനിരക്ക് വർധിപ്പിക്കുന്ന നടപടി റദ്ദാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.