ഗൗരിയുടെ മരണം: പി.ടി.എ യോഗത്തില്‍ സംഘര്‍ഷം, ചൊവ്വാഴ്​ച മുതൽ സ്​കൂൾ തുറക്കാൻ തീരുമാനം

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തെതുടർന്ന് അടച്ചിട്ട കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേര്‍ന്ന പി.ടി.എ യോഗത്തില്‍ സംഘര്‍ഷം. ഗൗരിയുടെ പിതാവ് സംസാരിക്കുന്നതിനിടെ ചിലര്‍ കൂക്കിവിളിച്ചത് പ്രതിഷേധത്തിനിടയാക്കി. യോഗത്തില്‍ ഒരു വിഭാഗം രക്ഷാകര്‍ത്താക്കള്‍ സ്‌കൂള്‍ തുറക്കണമെന്ന് നിലപാടെടുത്തപ്പോള്‍ മറുവിഭാഗം തുറക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ യോഗം കൈയാങ്കളിയിലേക്ക് നീങ്ങി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. കൈരളി ടി.വി റിപ്പോര്‍ട്ടര്‍ രാജ്കുമാര്‍, മംഗളം ടി.വി കാമറാമാന്‍ പ്രിന്‍സ് ഇല്യാസ്, ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്‍ ഖലീല്‍ ഇബ്രാഹിം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രാജ്കുമാറി​െൻറ മൊബൈൽ ഫോണ്‍ അടിച്ചുതകര്‍ത്തു. കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തതിനുശേഷം മാത്രമേ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കൂവെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. അല്ലാത്തപക്ഷം താനും ത​െൻറ കുടുംബവും സ്‌കൂളിന് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവിഭാഗങ്ങളും തമ്മിലെ തര്‍ക്കം രൂക്ഷമായതോടെ പൊലീസ് ഇടപെട്ടു. ഒടുവില്‍ സംഘര്‍ഷത്തിന് അയവുവന്നതോടെ സ്‌കൂള്‍ ചൊവ്വാഴ്ച മുതൽ തുറക്കാന്‍ തീരുമാനമായി. രാവിലെ പത്തിന് കനത്ത പൊലീസ് കാവലില്‍ ആരംഭിച്ച യോഗം ഉച്ചക്ക് രണ്ടോടെയാണ് സമാപിച്ചത്. അതേസമയം പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഗൗരിയുടെ കുടുംബം സ്‌കൂളിന് മുന്നില്‍ സമരം ആരംഭിച്ചേക്കും. ആരോപണം നേരിടുന്ന അധ്യാപികമാരായ സിന്ധു, ക്രസൻറ് എന്നിവരെ അറസ്റ്റ് ചെയ്യാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാർഥി സംഘടനകളും നേരത്തേ നിലപാടെടുത്തിരുന്നു. അധ്യാപികമാരുടെ മാനസിക പീഡനത്തെതുടര്‍ന്ന് കഴിഞ്ഞ 20ന് ഉച്ചക്കായിരുന്നു ഗൗരി സ്‌കൂള്‍ കെട്ടിടത്തി​െൻറ മൂന്നാം നിലയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മുന്‍കൂര്‍ ജാമ്യം തേടിയുള്ള പ്രതികളുടെ ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ പൊലീസിനുമേല്‍ ശക്തമായ സമ്മർദമുണ്ടെന്നും അറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.