വിതുര: പൊന്മുടി സന്ദർശിച്ച് മടങ്ങിയ മൂന്നംഗ വിനോദസഞ്ചാരികളുടെ കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന കഴക്കൂട്ടം സ്വദേശികളായ വിനീത് (28), ലിജിൻ ജോസഫ് (31), ഭരത് (28) എന്നിവർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെ പൊന്മുടിയിലെ നാലാമത്തെ ഹെയർപിൻ വളവിലാണ് അപകടം. കൊക്കയിലേക്കുള്ള വീഴ്ചയിൽ സഞ്ചാരികൾ തെറിച്ചുവീഴുകയായിരുന്നു. അപകടം കണ്ട് പിന്നാലെയെത്തിയ സഞ്ചാരികൾ ഗോൾഡൻ വാലി ചെക് പോസ്റ്റിലെ വനസംരക്ഷണ സമിതി അംഗങ്ങളെ വിവരമറിയിച്ചു. വനസംരക്ഷണ സമിതി ഗാർഡ് രാജേഷ് പൊന്മുടി പൊലീസിനെ അറിയിച്ചു. രാജേഷും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് വാഹനത്തിലാണ് ഇവരെ വിതുര ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് ബാരിക്കേഡ് സ്ഥാപിച്ചിരുന്നെങ്കിൽ അപകടം ഒഴിവാകുമായിരുന്നു. ഇവിടെ മുമ്പും വാഹനം അപകടത്തിൽപെട്ടിട്ടുണ്ട്. അപകട സാധ്യതകളുള്ള നിരവധിയിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടില്ല. അടിയന്തരമായി ഇവിടങ്ങളിൽ വനം വകുപ്പ് ബാരിക്കേഡുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് സുരക്ഷിതത്വം നൽകണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.