കൊല്ലം: ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന അധ്യാപികമാരായ കോട്ടമുക്ക് ട്രിനിറ്റി ലൈസിയം സ്‌കൂളിലെ അധ്യാപികമാരായ ക്രെസൻറ്, സിന്ധു എന്നിവരെ അറസ്റ്റ് ചെയ്യാതെ സ്കൂൾ തുറക്കാൻ അനുവദിക്കില്ലെന്ന് വിദ്യാർഥി സംഘടനകൾ. വെള്ളിയാഴ്ച ഉച്ചക്ക് കലക്ടർ വിളിച്ചുചേർത്ത യോഗത്തിലാണ് സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. പ്രശ്ന പരിഹാരത്തിനായി തിങ്കളാഴ്ച വിദ്യാർഥി സംഘടനകളുടെയും രക്ഷാകർത്താക്കളുടെയും യോഗം വിളിച്ചു ചേർക്കാനും തീരുമാനമായി. തങ്ങളെ അറിയിക്കാതെ മാനേജ്മെൻറുമായി ചേർന്ന് പ്രശ്നങ്ങൾ ഒത്തു തീർക്കാൻ ശ്രമം നടത്തുന്നു എന്നാരോപിച്ചാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ഉച്ചക്കു ശേഷം വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ച് ചേർക്കാൻ ജില്ല ഭരണകൂടം നിർബന്ധിതരാകുകയായിരുന്നു. ഗൗരിയുടെ ആത്മഹത്യയെ തുടർന്ന് അടച്ചുപൂട്ടിയ കൊല്ലം ട്രിനിറ്റി ലൈസിയം തുറക്കുന്നതിന് മാനേജ്മെൻറ് മുൻകൈ എടുത്ത് സബ് കലക്ടറുടെ അധ്യക്ഷതയിലാണ് യോഗം കൂടിയത്. ഗൗരി ആത്മഹത്യക്ക് ശ്രമിച്ച അതേ ദിവസം മറ്റൊരു അധ്യാപിക സ്കൂളിലെ ആൺകുട്ടിയുടെ മുഖത്തടിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാത്ത മാനേജ്മെൻറ് നടപടിയിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നു. തെൻറ മകന് നീതി ലഭിക്കാതിരിക്കാനാണ് മാനേജ്മെൻറ് ശ്രമിക്കുന്നതെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു. അതേസമയം, വിദ്യാർഥിയുടെ മുഖത്തടിച്ച സംഭവത്തിൽ ഇതേ സ്കൂളിലെ അധ്യാപികയായ നാൻസി എഡ്വേഡിനെ പുറത്താക്കിയതായി സ്കൂൾ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.