ബഹിരാകാശ യാത്രികനായ യൂറി ഗഗാറിന്റെ ബഹിരാകാശയാത്രയുടെ വാർഷികത്തിന്റെ ഭാഗമായി റഷ്യൻ ഓണററി കോൺസുലേറ്റും ഇന്റർനാഷനൽ റൂസോഫിൽ മൂവ്മെന്റും ചേർന്ന് നടത്തിയ സംഗമത്തിൽ ഗഗാറിൻ എന്ന പേരുള്ള മലയാളികൾ അദ്ദേഹത്തിന്റെ പ്രതിമക്ക് മുന്നിൽ

അവർ വീണ്ടും ഒത്തുചേർന്നു; അപൂർവ സംഗമമായി ‘ഗഗാറിൻ’മാർ

തിരുവനന്തപുരം: വേറിട്ട സംഗമമായി ‘ഗഗാറിൻ’ എന്ന പേരുകാരുടെ ഒത്തുചേരൽ. ലോകത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെ ചരിത്രയാത്രയുടെ 65ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു മലയാളികളായ ഇവരുടെ അപൂർവസംഗമം. വെറുമൊരു പേരല്ല ഇത്, ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയവും ആവേശവുമാണെന്ന് ഒത്തുകൂടിയവർ പറയുന്നു. കമ്യൂണിസ്റ്റ് കുടുംബങ്ങളിൽ ‘സോവിയറ്റ് നാട്’ പോലുള്ള മാഗസിനുകൾ വരുത്തി വായിച്ചിരുന്ന ശീലമാണ് ഈ പേര് കേരളത്തിലെ ഗ്രാമങ്ങളിൽ പോലുമെത്തിച്ചത്.

ബഹിരാകാശ ശാസ്ത്രത്തോടും ഗഗാറിന്റെ സാഹസികതയോടുമുള്ള ആദരസൂചകമായി പിതാവ് നൽകിയ പേര് വലിയ ഭാഗ്യങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്ന് എറണാകുളത്തുനിന്നെത്തിയ പി. ഗഗാറിൻ പറഞ്ഞു. പുതുതലമുറക്കും ഈ പേരിനോടുള്ള താൽപര്യം കുറഞ്ഞിട്ടില്ല എന്നതിന് ഉദാഹരണമാണ് എറണാകുളം സ്വദേശിയായ ഗഗാറിന്റെ മകൾ അമൃത ഗഗാറിൻ. ‘അമൃത എന്ന പേരിൽ ഒരുപാട് പേരുണ്ടാകും, എന്നാൽ അമൃത ഗഗാറിൻ ഞാൻ ഒരാളേ കാണൂ’ എന്നും അമൃത പറയുന്നു.

ഗഗാറിൻ എന്ന്‌ പറഞ്ഞാലും ഗംഗാധരൻ എന്ന് തെറ്റായി രേഖപ്പെടുത്താറുണ്ടെന്ന അനുഭവങ്ങളും ചിലർ പങ്കുവെച്ചു. തിരുവനന്തപുരത്തെ റഷ്യൻ ഓണററി കോൺസുലേറ്റും ഇന്റർനാഷനൽ റൂസോഫിൽ മൂവ്‌മെന്റും ചേർന്നാണ് ‘ഗഗാറിൻ’ മാരെ ഒരേ വേദിയിലെത്തിച്ചത്‌. തലസ്ഥാനത്തെ വാൻറോസ് ജങ്‌ഷനിലുള്ള ഗഗാറിൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ്‌ പരിപാടികൾക്ക്‌ തുടക്കമായത്‌. മുമ്പും ഒരു തവണ ഗഗാറിൻമാർ ഇവിടെ ഒത്തുകൂടിയിരുന്നു.

Tags:    
News Summary - They met again; a rare reunion of the 'Gagarins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.