തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി പഠനത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കാനുള്ള പദ്ധതിയായ ശ്രദ്ധ (മികവിലേക്കൊരു ചുവട്)ക്ക് തുടക്കമായി. വാമനപുരം ഗവൺമെൻറ് യു.പി സ്കൂളിൽ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ കുട്ടികൾക്ക് പഠനത്തിന് ഏറെ സഹായകമാകുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പാർശ്വവത്കരിക്കപ്പെടാത്ത വിദ്യാർഥി സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വ്യത്യസ്ഥങ്ങളായ കഴിവുകളാണ് ഓരോ കുട്ടികൾക്കുമുള്ളതെന്നും അത് കണ്ടെത്തി അവനെ സമൂഹത്തിന് മുതൽകൂട്ടാക്കേണ്ടത് അധ്യാപകെൻറ കടമയാണെന്നും മന്ത്രി ഓർമിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി ഒത്തുചേരാം വരച്ചുചേർക്കാം പരിപാടിയിൽ മന്ത്രിയും പങ്കുചേർന്നു. ശ്രദ്ധ തയാറാക്കിയ മൊഡ്യൂൾ എ. സമ്പത്ത് എം.പിയിൽനിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ ഏറ്റുവാങ്ങി. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. എ. സമ്പത്ത് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ദേവദാസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ വി.എസ്. അശോക് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.