കുടിവെള്ളം മുടക്കും പൈപ്പുകൾ

*പൈപ്പ് ലൈന്‍ റോഡില്‍ കൂട്ടിയിട്ട കൂറ്റന്‍ പൈപ്പുകള്‍ നീക്കണമെന്ന് ആവശ്യം പേരൂര്‍ക്കട: പൈപ്പ് ലൈന്‍ റോഡില്‍ സൂക്ഷിച്ചിരിക്കുന്ന പൈപ്പുകള്‍ കുടിവെള്ള വിതരണത്തിന് ഭീഷണിയാകുന്നു. ജല അതോറിറ്റിയുടെ പേരൂര്‍ക്കട വഴി കടന്നുപോകുന്ന പൈപ്പ് ലൈനിലാണ് അധികൃതര്‍ സൂക്ഷിച്ചിരിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ ജല വിതരണത്തിന് ഭീഷണി ഉയര്‍ത്തുന്നത്. പേരൂര്‍ക്കട ലോ അക്കാദമിയുടെ പ്രവേശന കവാടത്തിന് എതിര്‍വശത്തുനിന്നും ആരംഭിച്ച് അമ്പലംമുക്കില്‍ അവസാനിക്കുന്ന പൈപ്പ് ലൈന്‍ റോഡിലാണ് ജല അതോറിറ്റി അധികൃതര്‍ കൂറ്റന്‍ പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. കുടിവെള്ളം കൊണ്ടുപോകുന്നതിനായി സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനുകളുടെ സുരക്ഷ മുന്‍നിര്‍ത്തി പൈപ്പ് ലൈന്‍ റോഡുകള്‍ക്ക് മുകളില്‍ അമിതഭാരം ഉണ്ടാവാതിരിക്കാന്‍ ജല അതോറിറ്റി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൈപ്പ് ലൈനുകള്‍ക്ക് മുകളില്‍ അമിതഭാരമുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന പൈപ്പുകള്‍ക്ക് സാരമായ തകരാറുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്‌. പൈപ്പ് ലൈനുകളില്‍ തത്ത്വദീക്ഷയില്ലാതെ കനത്ത തോതില്‍ മണ്ണും പാറയും ഇതര സാധനങ്ങളും കൂട്ടിയിട്ട കാരണം പൈപ്പുകള്‍ പൊട്ടുകയും കുടിവെള്ള വിതരണം മുടങ്ങുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. അരുവിക്കര ജലശുദ്ധീകരണ ശാലക്ക് സമീപം പൈപ്പ് ലൈനില്‍ അമിതമായ തോതില്‍ ടിപ്പര്‍ ലോറികളില്‍ മണ്ണ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് പൈപ്പ് പൊട്ടുകയും ദിവസങ്ങളോളം നഗരം കുടിവെള്ള ക്ഷാമത്തി​െൻറ പിടിയില്‍ അമര്‍ന്നതും വിവാദമായിരുന്നു. സംഭവത്തില്‍ അന്ന് ഒരു എന്‍ജിനീയറെ സസ്പെന്‍ഡ് ചെയ്തതാണ് വിവാദങ്ങളില്‍നിന്ന് ജല അതോറിറ്റി തലയൂരിയത്‌. കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പുകളുടെ സുരക്ഷ കണക്കിലെടുത്ത് അരുവിക്കരയിലെ ജലശുദ്ധീകരണശാലയില്‍നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനുകളുടെ മുകളിലൂടെ ലോറി ഗതാഗതം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അതേസമയം, ജല അതോറിറ്റിതന്നെയാണ് പൈപ്പ് ലൈനുകള്‍ക്ക് മുകളില്‍ ടണ്‍ കണക്കിന് ഭാരമുള്ള ലോഹ പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ എത്തിച്ച നിരവധി ഡക്ട് അയണ്‍ പൈപ്പുകളാണ് അധികൃതര്‍ കൂട്ടിയിട്ടിരിക്കുന്നത്. താൽക്കാലികമായിട്ടാണ് ഈ ഭാഗത്ത് പൈപ്പുകള്‍ കൊണ്ടിടുന്നതെന്നും ഉടനടി സുരക്ഷിതമായ സ്ഥാനത്തേക്ക് പൈപ്പുകള്‍ മാറ്റുമെന്നുമാണ് അന്ന് അധികൃതര്‍ പറഞ്ഞത്. അതേസമയം, ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പദ്ധതി ആവശ്യങ്ങള്‍ക്ക് ശേഷം ബാക്കിവന്ന ഡക്ട് അയണ്‍ പൈപ്പുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായി. പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്ത് കാടുമൂടിയതോടെ ഈ പ്രദേശം ഇഴജന്തുക്കളുടെയും താവളമായി. കാടും പടര്‍പ്പും മൂടിയ ഈ ഭാഗത്ത് ഇപ്പോള്‍ കച്ചവടക്കാരും ജനങ്ങളും മാലിന്യവും വലിച്ചെറിയുന്നുണ്ട്. പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്ത് ഒന്നര വര്‍ഷം മുമ്പ് കണ്ടെത്തിയ കുടിവെള്ള ചോര്‍ച്ചക്ക് കാരണം അമിതഭാരമുള്ള ഡക്ട് അയണ്‍ പൈപ്പുകളാണെന്ന ആരോപണവും ഇതോടെ ശക്തമാകുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.