തിരുവനന്തപുരം: ഏഷ്യ പസഫിക് മേഖലയില്‍ വരുന്ന 12 രാജ്യങ്ങളിലേക്ക് ചുരുങ്ങിയ ചെലവില്‍ പാർസല്‍ അയക്കുന്ന തപാല്വകുപ്പിെൻറ പദ്ധതിക്ക് തപാല്‍ ദിനത്തില്‍ തുടക്കമായി. ഇൻറര്‍നാഷനല്‍ ട്രാക്ഡ് പാക്കറ്റ് എന്ന പദ്ധതിയിൽ രണ്ട് കിലോ വരെ അയക്കാം. ആസ്ട്രേലിയയിലേക്ക് 100 ഗ്രാമിന് 320 രൂപയും അതിനു മുകളില്‍ വരുന്ന ഗ്രാമിന് 30 രൂപയുമാണ് ഫീസ്. മറ്റു രാജ്യങ്ങളിലേക്ക് ഇത് യഥാക്രമം 310ഉം 30ഉം ആണ്. ആസ്ട്രേലിയ, കംബോഡിയ, ഹോങ്കോങ്, ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, ന്യൂസിലൻഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, ദക്ഷിണകൊറിയ, തായ്ലൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. രാജ്യത്തെ എല്ലാ ഹെഡ് പോസ്റ്റ് ഒാഫിസുകളിലും ഇൗ സൗകര്യം ഉണ്ടാകും. പാർസല്‍ അയക്കുമ്പോള്‍ കിട്ടുന്ന കോഡ് നമ്പര്‍ ഉപയോഗിച്ച് ബന്ധപ്പെട്ട വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ അയക്കുന്ന പാർസലുകള്‍ അതത് സമയങ്ങളില്‍ എവിടെ എത്തിയെന്ന് അറിയാന്‍ കഴിയും. ഇതു വിലാസക്കാരെൻറ കൈകളില്‍ എത്തുന്നതു വരെ കൃത്യമായി കാര്യങ്ങള്‍ അറിയാം. പാർസലിന് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കാനും വ്യവസ്ഥയുണ്ട്. പ്രവൃത്തിദിനങ്ങളില്‍ രാവിലെ ഒമ്പതര മുതല്‍ മൂന്നര വരെയാണ് പാർസല്‍ സർവിസ് സേവനം. ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജി.പി.ഒയില്‍ പാർസലുകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ജി.പി.ഒയിലെ സീനിയര്‍ സൂപ്രണ്ട് എം. മോഹന്‍ദാസ് 'മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതി വിജയിച്ചാല്‍ സംവിധാനം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ആലോചനയുണ്ട്. നിലവില്‍ സ്വകാര്യ പാർസല്‍ കമ്പനികള്‍ അമിത തുക ഈടാക്കുന്ന സാഹചര്യത്തില്‍ ഇൗ രംഗത്തേക്ക് തപാൽ വകുപ്പ് എത്തിയത് ആവശ്യക്കാര്‍ക്ക് ഏറെ ഗുണകരമാകും. അമിത നിരക്ക് കുറക്കാൻ സ്വകാര്യമേഖല നിർബന്ധിതരാകും. പാർസല്‍ അയക്കുന്നതിന് ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് അയക്കുന്ന പാർസലിെൻറ കിലോയിലും മാറ്റം വരുത്താൻ തപാൽ വകുപ്പ് ആലോചിക്കുന്നുണ്ട്. എം. റഫീഖ് --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.