കിളിമാനൂർ: സ്റ്റേ ബസടക്കം രണ്ട് സർവിസുകൾ കൂടി ശനിയാഴ്ച ഡിപ്പോയിലെത്തിയ കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യം നിർത്തലാക്കി. ആറ് മാസത്തിനിെട കിളിമാനൂർ ഡിപ്പോയിൽനിന്ന് നിർത്തലാക്കുന്ന സ്റ്റേ ബസുകളുടെ എണ്ണം ഇതോടെ നാലായി. 1980-ൽ ഡിപ്പോ ആരംഭിച്ച കാലം മുതൽ സ്റ്റേ സർവിസുണ്ടായിരുന്ന പകൽക്കുറി റൂട്ടിലെ ബസാണ് ശനിയാഴ്ച നിർത്തലാക്കി ഉത്തരവിറക്കിയത്. രാത്രി 10.10ന് കിളിമാനൂരിൽനിന്ന് പള്ളിക്കൽ വഴി പകൽക്കുറിയിലെത്തുന്ന സർവിസ് രാവിലെ അഞ്ചിന് കിളിമാനൂരിലേക്ക് പോകും. ഈ സർവിസിനൊപ്പം രാത്രി 8.20ന് കിളിമാനൂരിൽനിന്ന് പള്ളിക്കലിലേക്കുള്ള ബസും നിർത്തലാക്കി. വരുമാനത്തിൽ കുറവെന്ന കാരണം പറഞ്ഞാണ് നിർത്തലാക്കുന്നത്. നിരവധി ഗ്രാമങ്ങളിലൂടെ വർഷങ്ങളായി മുടങ്ങാതെ നടത്തിയിരുന്ന സർവിസ് നിർത്തലാക്കുന്നത് മേഖലയിലെ യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. കാട്ടാമ്പള്ളി, കടയ്ക്കൽ, നെടുമങ്ങാട് എന്നിവയാണ് നേരത്തേ നിർത്തിയത്. ഇപ്പോൾ പാലോട് - രണ്ടും ആറ്റിങ്ങൽ, ചരിപ്പറമ്പ്, പരപ്പിൽ, തെങ്ങുംകോട് എന്നിവിടങ്ങളിലേക്ക് ഓരോന്നും സ്റ്റേ സർവിസുകളാണുള്ളത്. ഇവയും നിർത്തലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. അവശ്യ സർവിസുകളടക്കം വെട്ടിക്കുറക്കാൻ അധികൃതർ ശ്രമം നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ജൂലൈ 17ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ജനങ്ങളുടെ യാത്ര സൗകര്യമല്ല, നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഡിപ്പാർട്ട്മെൻറിനെ കരകയറ്റുകയാണ് തെൻറ ദൗത്യമെന്ന് എം.ഡി കീഴ്ജീവനക്കാരോട് പറഞ്ഞത്രേ. എന്നാൽ, പകൽക്കുറി സർവിസ് നിലനിർത്താൻ ജീവനക്കാർ പരമാവധി ശ്രമം നടത്തിയതായും അറിയുന്നു. നൂറിൽപരം സർവിസുകൾ നടത്തിവന്ന കിളിമാനൂർ ഡിപ്പോയിൽ ഒമ്പത്് ജനുറം അടക്കം 79 സർവിസുകളാണ് ഇപ്പോഴുള്ളത്. എന്നാൽ നിലവിൽ 60-ൽ താഴെ മാത്രമാണ് നടക്കുന്നത്. വാഹനങ്ങളുടെ അപര്യാപ്തതയാണ് കാരണമെന്ന് ജീവനക്കാർ പറയുന്നു. ഒമ്പത് ജനുറത്തിൽ ആറെണ്ണവും കട്ടപ്പുറത്താണ്. 15-ഓളം മറ്റു ബസുകൾ കാലഹരണപ്പെട്ടു. ഒരു ഡസനിലേറെ സ്പെയർ പാർട്സുകളില്ലാതെ കട്ടപ്പുറത്തേറിയിട്ട് മാസങ്ങളായി. ഇവ തകരാർ പരിഹരിച്ച് നിരത്തിലിറക്കാതെ സർവിസുകൾ നിർത്തലാക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.