നെടുമങ്ങാട്: നഗരസഭയിൽ പി.എം.എ.വൈ ഭവനപദ്ധതി പ്രകാരം വീടനുവദിച്ചതിൽ മഞ്ച ടി.എച്ച്.എസ് വാർഡിലെ പട്ടികയിൽ വ്യാപക ക്രമക്കേടെന്നാക്ഷേപം. ഇതുസംബന്ധിച്ച് ഗുണഭോക്തൃ ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ട മഞ്ച കിഴക്കേ ചരുവിള വീട്ടിൽ മഞ്ചു ബന്ധപ്പെട്ടവർക്ക് പരാതി നൽകി. ഗുണഭോക്തൃ സാധ്യതാ പട്ടികയിൽ മൂന്നാമത്തെ പേരുകാരിയായിരുന്ന മഞ്ചു അംഗീകരിച്ച പട്ടികയിൽനിന്ന് പുറത്തായി. പകരം മൂന്നാമതെത്തിയത് വാർഡിലെ എ.ഡി.എസ് ചെയർപേഴ്സണും. പ്ലാസ്റ്റിക് ഷീറ്റുകൾ മേൽക്കൂരയായും ചുമരായും മറച്ച ഒറ്റ മുറിയിലാണ് മഞ്ചുവും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ മഴയിലും കാറ്റിലും ഇതും തകർന്നു. പിന്നീട് വാടക വീട്ടിലാണ് താമസം. കൂലിപ്പണിക്കാരനായ ഭർത്താവും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന് മഞ്ചുവിെൻറ പിതാവ് നൽകിയ വസ്തുവിലാണ് പി.എം.എ.വൈ ഭവന പദ്ധതി പ്രകാരം അപേക്ഷ നൽകിയത്. ടി.എച്ച്.എസ് വാർഡിലെ കൗൺസിലർ ഇതിനിടയിൽ രാജി നൽകിയതാണ് പട്ടികയിൽ തിരിമറിയുണ്ടാകാൻ കാരണമെന്നാണ് പറയുന്നത്. ഒരു പ്രത്യേക നിമിഷത്തിൽ രാജിക്കത്ത് നൽകിയത് പിന്നീട് തെരഞ്ഞെടുപ്പ് കമീഷൻ റദ്ദ് ചെയ്തിരുന്നു. കൗൺസിലർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്ന കുറച്ചു ദിവസങ്ങൾക്കുള്ളിലാണ് പട്ടികയിൽ തിരിമറി നടന്നതെന്നും വാർഡ് സഭ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്നുമാണ് കരുതുന്നത്. സാധ്യത പട്ടികയിൽ ഇല്ലാതിരുന്ന എ.ഡി.എസ് ചെയർപേഴ്സൺ അംഗീകരിച്ച ലിസ്റ്റിൽ ഇടം പിടിച്ചതുപോലെ നിരവധി ക്രമക്കേടുകളുെണ്ടന്നും ആക്ഷേപമുണ്ട്. ടി.എച്ച്.എസ് ജങ്ഷനിൽ നാലോളം കടമുറികൾ സ്വന്തമായുള്ളവരും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരും ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ അർഹതയുള്ള നിരവധിപേർ പുറത്തായതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.